പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ സെമി ഫൈനല്‍ മത്സരക്രമമായി. നിലവിലെ ചാമ്പ്യന്‍ പാരീസ് സെയിന്റ് ജെര്മെയ്ന് മുന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിക്കിനെയും അത്ലറ്റിക്കോ മാഡ്രിഡ് ആഴ്സണലിനെയും നേരിടും.
29, 30 തീയതികളിലായാണ് ഒന്നാംപാദ സെമി. രണ്ടാംപാദ മത്സരങ്ങള്‍ മേയ് ആറ്, ഏഴ് തീയതികളിലാണ്.
റയാല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബയേണ്‍ സെമിയില്‍ കടന്നത്്. സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ നടന്ന രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയാല്‍ മാഡ്രിഡിനെ 4-3 തോല്‍പ്പിച്ചാണു ബയേണിന്റെ മുന്നേറ്റം. 6-4 ന്റെ അഗ്രഗേറ്റ് ഗോള്‍ നേടാനും ബയേണിനായി. റയാലിന്റെ തട്ടകത്തില്‍ നടന്ന ഒന്നാം പാദത്തിലും ബയേണ്‍ (2-1) ജയിച്ചിരുന്നു. ഇന്നലെ റയാലിനായി ഒന്നാം മിനിറ്റില്‍ ആര്‍ദ്ര ഗുലാര്‍ ഗോളടിച്ചിരുന്നു. 42-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയും ഗോളടിച്ചു.
ആറാം മിനിട്ടില്‍ അലക്സാണ്ടര്‍ പാവ് ലോവിച്ചിലൂടെ ബയേണ്‍ തിരിച്ചടിച്ചിരുന്നു. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ഗുലാര്‍ വീണ്ടും ഗോളടിച്ചു. 38ാം മിനിറ്റില്‍ ഹാരി കെയ്നിലൂടെ ബയേണ്‍ സമനില പിടിച്ചു. എംബാപ്പെയിലൂടെ റയാല്‍ വീണ്ടും ലീഡ് ഉയര്‍ത്തി. 89-ാം മിനിറ്റില്‍ ലൂയിസ്ള ഡിയാസും ഇഞ്ചുറില ടൈമില്‍ മൈക്കിള്‍ ഒലിചും ബയേണിനായി ഗോളടിച്ചു. ബയേണ്‍ മ്യൂണിക്കിന്റെ തേരോട്ടത്തില്‍ ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ നിര്‍ണായക പങ്കുവഹിച്ചു. ഒന്നാം പാദത്തിലും കെയ്ന്‍ റയലിന്റെ വല കുലുക്കി. റയാലിനെതിരെ വീണ്ടും ഗോളും അസിസ്റ്റുകളുമായി കെയ്ന്‍ നിറഞ്ഞാടി. ചാമ്പ്യന്‍സ് ലീഗില്‍ റയാലിനെതിരേ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഗോളോ അസിസേ്റ്റാ നേടുന്ന ആദ്യ താരമാണ് കെയ്ന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിവര്‍പൂളിനെ വീഴ്ത്തിയാണു പി.എസ്.ജി. സെമിയിലെത്തിയത്. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാംപാദത്തിലും ഒന്നാംപാദത്തിലും പി.എസ്.ജി. 2-0 ത്തിനു ജയിച്ചു. ഇന്നലെ ഒസുമാനെ ഡെംബലെയാണു രണ്ട് ഗോളുകളുമടിച്ചത്. ആഴ്സണല്‍ 1-0 ത്തിന്റെ അഗ്രഗേറ്റ് ഗോളിലാണു സ്പോര്‍ട്ടിങിനെ മറികടന്നത്്. അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാംപാദത്തില്‍ ബാഴ്സലോണയോട് 2-1 നു തോറ്റെങ്കിലും അഗ്രഗേറ്റ് (3-2) തുണയായി. അത്ലറ്റിക്കോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്സയ്ക്കായി ലാമിനെ യമാലും ഫെറാന്‍ ടോറസും ഗോളടിച്ചു. ലൂക്മാനാണ് അത്ലറ്റിക്കോയ്ക്കായി ഗോളടിച്ചത്. ഈഡര്‍ ഗാഴ്സിയ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതു ബാഴ്സയ്ക്കു തിരിച്ചടിയായി. അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാംപാദത്തില്‍ 2-0 ത്തിനു ജയിച്ചിരുന്നു.


