
മുംബൈ: ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ സീസണില്‍ പരുങ്ങുമ്പോള്‍ ടീം നായകനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ് ടീം ഇപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമെന്ന അവസ്ഥയില്‍ ആരാധകരും മാനേജ്മെന്റുമെല്ലാം കടുത്ത നിരാശയിലാണ്. ഇനി പ്ലേ ഓഫ് ഉറപ്പാക്കാന്‍ വരും മത്സരങ്ങളെല്ലാം ജയിക്കണമെന്നതാണ് തിരിച്ചടി.
പരിക്കുകളും പ്രമുഖ താരങ്ങളുടെ മോശം ഫോമും ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ക്ക് ഈ സീസണില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തെ മുന്‍ താരം മനോജ് തിവാരി രൂക്ഷമായി വിമര്‍ശിച്ചത്. രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് അനീതിയാണെന്നും, ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കാന്‍ ഹാര്‍ദിക് മാറിനിന്ന് രോഹിത്തിന് ചുമതല കൈമാറണമെന്നും തിവാരി പറഞ്ഞു.
പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഷെര്‍ഫാന്‍ റുഥര്‍ഫോര്‍ഡിന് മുന്നേ ഹാര്‍ദിക് ബാറ്റിംഗിന് ഇറങ്ങിയതിനെ തിവാരി ചോദ്യം ചെയ്തു. റുഥര്‍ഫോര്‍ഡിന് കൂടുതല്‍ പന്തുകള്‍ ലഭിച്ചിരുന്നെങ്കില്‍ സ്കോര്‍ ഉയരുമായിരുന്നു എന്ന് അദ്ദേഹം നിരീക്ഷിച്ചു. ജസ്പ്രീത് ബുംറയെക്കൊണ്ട് ആദ്യ ഓവര്‍ എറിയിക്കാത്തതിനെയും തിവാരി വിമര്‍ശിച്ചു. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ വീര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് കിംഗ്സിനെതിരായ തോല്‍വിക്ക് ശേഷം, ടീമില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് ഹാര്‍ദിക് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ്, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് സ്വന്തം പ്രകടനം വിലയിരുത്തണമെന്നും നേതൃപാടവമില്ലാത്തതാണ് പ്രശ്നമെന്നും മനോജ് തിവാരി തുറന്നടിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ താഴെയുള്ള മുംബൈ ഇന്ത്യന്‍സിന് ഈ സീസണില്‍ ഇനി ഒരു തിരിച്ചുവരവ് സാധ്യമാണോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.




