കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ബംഗളുരു എഫ്.സിക്കെതിരേ തകര്‍പ്പന്‍ സമനിലയുമായി ഈസ്റ്റ് ബംഗാള്‍. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 3-3 നാണ് അവസാനിച്ചത്്. ഇഞ്ചുറി ടൈമില്‍ (97) ഗോളടിച്ച ആന്റണ്‍ സാബെര്ഗാണ് ഈസ്റ്റ് ബംഗാളിനെ തോല്‍വിയില്‍നിന്നു രക്ഷിച്ചത്്.
കളിയുടെ 24-ാം മിനിറ്റില്‍ മിഗ്വേല്‍ ഫിഗേറിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഈസ്റ്റ് ബംഗാള്‍ 10 പേരായി ചുരുങ്ങിയിരുന്നു. അന്‍വര്‍ അലി, സൗള്‍ ക്രെസ്പോ എന്നിവരും ഈസ്റ്റ് ബംഗാളിനായി ഗോളടിച്ചു. ബംഗളുരുവിനായി ആഷിഖ് കരുണിയന്, സുരേഷ് സിങ് വാങ്ജം, റയാന് വില്യംസ് എന്നിവരാണു ഗോളടിച്ചത്. 12-ാം മിനിറ്റില്‍ കരുണിയനിലൂടെ ബംഗളുരു മുന്നിലെത്തി. 21-ാം മിനിറ്റില്‍ അന്‍വര്‍ അലി സമനില ഗോളടിച്ചു. വൈകാതെ ഫഗേറിയ ചുവപ്പ് കാര്‍ഡ് കണ്ടു.
ബംഗളുരുവിനായി 39-ാം മിനിറ്റിലാണു വാങ്ജം ഗോളടിച്ചത്. 71-ാം മിനിറ്റിലാണു വില്യംസിന്റെ ഗോള്‍. ക്രെസ്പോ 55-ാം മിനിറ്റിലാണു ഗോളടിച്ചത്. കളിയുടെ 67 ശതമാനം സമയത്തും പന്ത് ബംഗളുരു താരങ്ങളുടെ പക്കലായിരുന്നു. എട്ട് കളികളില്‍നിന്നു 15 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ മൂന്നാമതും ഒന്‍പത് കളികളില്‍നിന്നു 15 പോയിന്റുള്ള ബംഗളുരു നാലാം സ്ഥാനത്തുമാണ്.
സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടു സമനില വഴങ്ങി. ിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബ്ലാസ്റ്റേഴ്സിനെ അവസാന നിമിഷം വഴങ്ങിയ ഗോളാണു തടഞ്ഞത്.
വിബിന് മോഹനന്, കെവിന് യോക്ക്, വിക്ടര്‍ ബെര്‍ട്ടോമിയു എന്നിവരെ മുന്‍നിര്‍ത്തിയുള്ള ആക്രമണനിരയുമായാണ് അവര്‍ കളത്തിലിറങ്ങിയത്. വികാഷ് യുമനം പ്രതിരോധത്തിന് നേതൃത്വം നല്കി. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് കൈവശം വച്ച് കളിച്ച ബ്ലാസേ്റ്റഴ്സ് മികച്ച മുന്നേറ്റം നടത്തി. 41-ാം മിനിറ്റില്‍ ഫല്ലോ എന്‍ഡിയേയുടെ ഒരു അക്രോബാറ്റിക് ഗോള്‍ ശ്രമം ബോക്സിനുള്ളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും, നോര്‍ത്ത് ഈസ്റ്റ് താരത്തിന്റെ സെല്‍ഫ് ഗോളില്‍ കലാശിക്കുകയും ചെയ്തതോടെ ആതിഥേയര്‍ മുന്നിലെത്തി.
രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഒരു ഉറച്ച ഗോള്‍ അവസരം ബ്ലാസേ്റ്റഴ്സ് ഗോള്‍ കീപ്പര്‍ അര്‍ഷ് ഷെയ്ഖ് തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞു. വിജയം ഉറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തില്‍, കളിയുടെ 88-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് സമനില ഗോളടിച്ചത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പോസ്റ്റില്‍ തട്ടിത്തെറിച്ച പന്ത് ലാല്‍ബിയാക്നിയ വലയിലെത്തിക്കുകയായിരുന്നു. 18 ന് ജംഷഡ്പൂര്‍ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

