
.
മുംബൈ: പഞ്ചാബ് കിങ്സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ സെഞ്ചുറിയുമായി മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്. 60 പന്തില്‍ ഏഴ് സിക്സറും എട്ട് ഫോറുമടക്കം 112 റണ്ണെടുത്ത ഡി കോക്ക് പുറത്താകാതെനിന്നു.
സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റിന് 195 റണ്ണെടുത്തു. പരുക്കേറ്റ മുന്‍ നായകന് രോഹിത് ശര്‍മയെ കൂടാതെയാണു മുംബൈ കളിച്ചത്. ടോസ് നേടിയ പഞ്ചാബ് നായകന് ശ്രേയസ് അയ്യര്‍ മുംബൈയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
റയാന് റികല്‍ടണ്‍ (രണ്ട്), സൂര്യകുമാര്‍ യാദവ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി അര്‍ഷദീപ് സിങ് മുംബൈക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. നമന്‍ ധീറും (31 പന്തില്‍ മൂന്ന് സിക്സറും മൂന്ന് ഫോറുമടക്കം 50) ഡി കോക്കും ചേര്‍ന്ന് കൂട്ടുകെട്ടാണ് മുംബൈ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വന്നത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 26 പന്തില്‍ 50 കടന്നു. നമന്‍ 29 പന്തിലും ഡി കോക്ക് 28 പന്തിലും 50 കടന്നു. നമനെ ശശാങ്ക് സിങ് ബാര്‍ട്ട്ലെറ്റിന്റെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നായകന് ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ ഒരു സിക്സറടക്കം 14), ഷെര്‍ഫാനെ റഥര്‍ഫോഡ് (ഒന്ന്), തിലക് വര്‍മ (മൂന്ന് പന്തില്‍ എട്ട്) എന്നിവര്‍ പുറത്തായത് മുംബൈക്കു ക്ഷീണമായി. 53 പന്തിലാണു ഡി കോക്ക് സെഞ്ചുറി കടന്നത്. 19-ാം സീസണിലെ രണ്ടാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ആദ്യ സെഞ്ചുറി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ വകയായിരുന്നു.

