
തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള നീക്കത്തില്‍നിന്നു കോണ്‍ഗ്രസ് അവസാനനിമിഷം പിന്മാറി. കെ.പി.സി.സി. മുന്‍ പ്രസിഡന്റുമാരായ വി.എം. സുധീരന്റെയും കെ. മുരളീധരന്റെയും എതിര്പ്പനെത്തുടര്ന്നാണ് പാര്‍ട്ടി നിലപാടു മാറ്റിയത്.
സി.പി.എം. പിന്തുണയുള്ള സംസ്കൃത സംഘം രാമായണമാസ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണു കെ.പി.സി.സിയുടെ വിചാര്‍വിഭാഗ് രാമായണ മാസാചരണവുമായി രംഗത്തെത്തിയത്. കര്‍ക്കിടകം ഒന്നായ നാളെ തിരുവനന്തപുരത്തുവച്ച് പരിപാടി തുടങ്ങാനാണിരുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ കെ.മുരളീധരനും വി.എം സുധീരനും ഇതിനെതിരേ രംഗത്തുവന്നതോടെ രാമായണമാസാചരണത്തില്നിന്നു പാര്‍ട്ടി പിന്നോക്കം പോയി.
ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. വിചാര്വിഭാഗാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഏതിര്പ്പുണ്ടായ സാഹചര്യത്തില്‍ ഉപേക്ഷിച്ചതായും കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് അറിയിച്ചു.
സംസ്കൃത സംഘത്തിന്റെ നേതൃത്വത്തില്‍ രാമായണ മാസാചരണം നടത്താനുള്ള തീരുമാനവും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ രാമായണത്തിന്റെ മറപിടിച്ചുകൊണ്ട് ബി.ജെ.പി. ഹിന്ദുക്കളുടെ ഇടയില്‍ ശക്തിപ്രാപിക്കാന്‍ നടത്തുന്ന ശ്രമം തടയുന്നതിനുള്ള നീക്കമെന്നാണു സി.പി.എം. ഇതിനെ വ്യാഖ്യാനിച്ചത്. സി.പി.എമ്മിന്റെ ഈ നീക്കത്തിനെതിരേ കോണ്ഗ്രസിനുള്ളില്നിന്നുപോലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
മൃദു ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ അതിന് പിന്നാലെ കോണ്‍ഗ്രസും രാമായണമാസാചരണത്തിലേക്കു നീങ്ങുകയായിരുന്നു.






