
ന്യുഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ മൊഴി ഡല്‍ഹി പട്യാല കോടതി രേഖപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ ചെയര്‍പെഴ്സണ്‍ സോണിയ ഗാന്ധി എന്നിവര്‍ക്കെതിരെ സുബ്രഹ്മണ്യം സ്വാമിയാണ് സ്വകാര്യ അന്യായവുമായി കോടതിയെ സമീപിച്ചത്.
മൊഴിയുടെ ഒരു ഭാഗം രേഖപ്പെടുത്തിയ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാല്‍ ബാക്കിഭാഗം രേഖപ്പെടുത്തുന്നത് ഓഗസ്റ്റ് 25ലേക്ക് മാറ്റി. 90.25 കോടി രുപ വിലമതിക്കുന്ന അസോസിയേറ്റ് ജേര്‍ണല്‍ ലിമിറ്റഡ് കോണ്‍ഗ്രസ് യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ വാങ്ങിയത് വെറും 50 ലക്ഷം രൂപയ്ക്കാണെന്നും സ്ഥാപനത്തെ ഇവര്‍ വഞ്ചിക്കാന്‍ ഗൂഢാലോചന നടത്തിയതായും ഫണ്ടുകള്‍ ദുരുപയോഗിച്ചുവെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു.
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, എഐസിസി ട്രഷറര്‍ മോട്ടിലാല്‍ വോറ, എഐസിസി ജനറല്‍ സെക്രട്ടറി ഒസ്കാര്‍ ഫെര്‍ണാണ്ടെസ്, സുമന് ദുബെ, സാം പിത്രോഡ, യങ് ഇന്ത്യ എന്നിവരെ പ്രതിചേര്‍ത്താണ് സ്വാമി ഹര്‍ജി ഫയല്‍ ചെയ്തത്.






