തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകളുടേയും അനുഭാവികളുടേയും ഭീഷണിയെ തുടര്‍ന്ന് മീശ എന്ന നോവല്‍ പിന്‍വലിക്കാനുള്ള എസ്. ഹരീഷിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വി.എസ് അച്യുതാനന്ദന്. സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും രാഷ്ട്രീയ ദംഷ്ട്രകളുടെ മുനയൊടിക്കാന്‍ എല്ലാ പുരോഗമന ജനാധിപത്യ വാദികളും മുന്നോട്ട് വരണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.
നോവല്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരനും പ്രസാധകരായ മാതൃഭൂമിയും തയ്യാറാകണം. ഒരു നോവലിന്റെ രണ്ടോ മൂന്നോ അധ്യായം പുറത്ത് വന്നപ്പോള്‍ തന്നെ അതിനെതിരെ അസഹിഷ്ണുതയുടെ വാളോങ്ങുന്നവരെ അക്ഷര വിരോധികളായി കാണാന്‍ ജനാധിപത്യ സമൂഹം തയ്യാറാകണം. അക്ഷരങ്ങളുടേയും എഴുത്തിന്റേയും ഭാവനാത്മകമായ സൗന്ദര്യമാണ് ജീവിത നന്മകളുടെ സൗന്ദര്യമെന്ന് മനസിലാക്കാന്‍ കഴിയാത്ത ഇക്കൂട്ടര്‍ ഫാസിസ്റ്റുകളാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
സംഘപരിവാറിന്റെ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹ്യവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിന് വഴി തുറക്കും. അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏത് വിധേനയും ചെറുത്ത് പരാജയപ്പെടുത്താന്‍ കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം തയ്യാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.






