
ന്യുഡല്‍ഹി: 26/11 മുംബൈ ഭീകരാക്രമണകേസിലെ മുഖ്യപ്രതികളില്‍ ഒരാളും പാകിസ്താനി വംശജനായ അമേരിക്കന്‍ ഭീകരനുമായി ഡേവിഡ് കോള്മാന് ഹെഡ്ലി അമേരിക്കന്‍ ജയിലില്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ഹെഡ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യു.എസ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.
ജൂലായ് എട്ടിനാണ് ജയിലില്‍ മറ്റു തടവുകാര്‍ ഹെഡ്ലിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഹെഡ്ലി. യു.എസ് പൗരന്മാര് അടക്കം 160 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ സ്ഫോടനത്തില്‍ ലഷ്കറെ തോയിബയ്ക്കു വേണ്ടി ഹെഡ്ലി പ്രവര്‍ത്തിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യു.എസ് കോടതി ഇയാള്‍ക്ക് 35 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.
ഹെഡ്ലിക്ക് മര്‍ദ്ദനമേറ്റു എന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ചിക്കാഗോയിലെ മെട്രോപോളിറ്റന്‍ കറക്ഷണല്‍ സെന്ററും തയ്യാറായില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട വിവരം നല്കാന് കഴിയില്ലെന്ന് പിടിഐക്ക് അധികൃതയര്‍ നല്കിയ മറുപടി.
ആക്രമണത്തില്‍ ഹെഡ്ലിക്ക് ഗുരുതരമായി പരുക്കേറ്റതായും നോര്‍ത്ത് ഇവാന്‍സ്റ്റണ്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈ ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കാന്‍ ഹെഡ്ലി നഗരത്തിലെ പല കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. 2009ലാണ് ഹെഡ്ലിയെ അറസ്റ്റു ചെയ്തത്. മുംബൈയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹെഡ്ലിയെ വിചാരണ ചെയ്തത്.






