
ജിദ്ദ : ഹജ് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി സൗദി ഹജ് ,ഉംറ , ആരോഗ്യമന്ത്രാലയം .രാജ്യത്ത് ഇത്തവണ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത് .ഹജ് വേളയിൽ സൂര്യാഘാതമേൽക്കുന്നവരെ കിടത്തി ചികിത്സിക്കുന്നതിന് കിടക്കകളുടെ എണ്ണം ഈ വർഷം ഇരട്ടിയാക്കിയതായി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹാനി ജോഖദാർ പറഞ്ഞു. മദീനയിലെ പള്ളിയുടെ നാലു ഭാഗത്തും ഒന്നു വീതം നാലു ഹെൽത്ത് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഓരോ ഹെൽത്ത് സെന്ററിലും സൂര്യാഘാതമേൽക്കുന്നവരെ കിടത്തി ചികിത്സിക്കുന്നതിന് 20 കിടക്കകൾ വീതമുണ്ട്. കഴിഞ്ഞ വർഷം ഈ സൗകര്യമുള്ള പത്തു കിടക്കകൾ വീതമാണുണ്ടായിരുന്നത്.
സൂര്യാഘാതമേൽക്കുന്നവർക്ക് ചികിത്സ നൽകുന്നതിനു മാത്രമായി മദീനയിൽ പുതിയ ഹെൽത്ത് സെന്ററിന്റെ നിർമാണം നടന്നുവരികയാണ് .
ഹജ് തീർഥാടകർക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ഏതു പകർച്ചവ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള എല്ലാവിധ തയാറെടുപ്പുകളും ആരോഗ്യ മന്ത്രാലയം നടത്തിയിട്ടുണ്ട്. ഇതുവരെ തീർഥാടകർക്കിടയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡോ. ഹാനി ജോഖദാർ പറഞ്ഞു. മദീന ആരോഗ്യ വകുപ്പ് ഈ വർഷം ആദ്യമായി മദീന-മക്ക റോഡിൽ മൊബൈൽ ക്ലിനിക് ആരംഭിച്ചിട്ടുണ്ടെന്ന് മദീന ആരോഗ്യ വകുപ്പ് മേധാവി അബ്ദുൽഹമീദ് അൽസുബ്ഹി പറഞ്ഞു. ഇന്ന് (28 -07 -2018 ) മുതൽ മുഹറം ഒന്നു വരെയുള്ള കാലത്ത് മൊബൈൽ ക്ലിനിക് പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി .
കഠിനമായ ചൂടില്‍ നിന്ന് ഹജ് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പ്രത്യേകം രൂപകല്പന ചെയ്ത് നിര്‍മിച്ച കുടകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. അന്തരീക്ഷം തണുപ്പിക്കുന്ന, വെള്ളം സ്പ്രേ ചെയ്യുന്ന സാങ്കേതിക വിദ്യ അടങ്ങിയ കുടകള്‍ മക്ക അംബ്രല്ല കമ്പനിയുമായി സഹകരിച്ചാണ് ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യുക. സൂര്യാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് മക്ക അംബ്രല്ല കമ്പനിയുമായി സഹകരിച്ചാണ് കുടകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിന് ഉപയോഗിക്കുന്ന പഴയ ബസുകൾ പൂർണമായും ഒഴിവാക്കുന്നതിന് പദ്ധതി തയാറാക്കിയതായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ജിദ്ദ, മക്ക, മദീന നഗരങ്ങൾക്കിടയിൽ ഹജ് തീർഥാടകരുടെ യാത്രക്ക് പഴയ ബസുകൾ ഉപയോഗിക്കുന്നത് മന്ത്രാലയം വിലക്കിയിട്ടുണ്ട്. നഗരങ്ങൾക്കിടയിൽ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ഏറ്റവും പഴക്കം ചെന്ന ബസുകൾക്ക് അഞ്ചു കൊല്ലത്തിലേറെ പഴക്കമില്ല. ഇതോടെ തീർഥാടകരുടെ ബസുകൾ കേടാകുന്ന പ്രശ്നം ഇല്ലാതാകുമെന്നാണ് പ്രതീക്ഷ .
ഹജ് മന്ത്രാലയം പരിഷ്കരിച്ച ആപ്ലിക്കേഷൻ തീർഥാടകർക്ക്ഏറെ സഹായകമാകും. ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ബോധവൽക്കരണ സന്ദേശങ്ങളും കല്ലേറ് കർമം നിർവഹിക്കുന്നതിന് ജംറയിലേക്ക് പോകുന്നതിന് തീർഥാടകർക്ക് നിശ്ചയിച്ചു നൽകുന്ന സമയക്രമങ്ങളും ഹജുമായി ബന്ധപ്പെട്ട മറ്റു പദ്ധതികളും അറിയുന്നതിന് ഈ ആപ്ലിക്കേഷൻ തീർഥാടകർക്ക് സഹായകമാകും . മക്കയിലും പുണ്യസ്ഥലങ്ങളിലും ഗൈഡിന്റെ ആവശ്യമില്ലാതെ ആഗ്രഹിക്കുന്ന ഏതു സ്ഥലത്തും എത്തുന്നതിന് തീർഥാടകരെ സഹായിക്കുന്ന മാപ്പും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ് .കൂടാതെ
ജിദ്ദ, മദീന നഗരങ്ങളുടെ മാപ്പും ഇതിലുണ്ട്. ബഹു ഭൂരിഭാഗം തീർഥാടകരും സംസാരിക്കുന്ന അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, തുർക്കി, മലായ്, ബംഗാളി എന്നീ ഏഴു ഭാഷകളിൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുണ്ട്. താമസിയാതെ എട്ടാമത്തെ ഭാഷയും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി .
ഇന്ത്യൻ ഹജ് മിഷനും ഇന്ത്യൻ തീർഥാടകർക്ക് സുഗമമായി ഹജ് നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .
ഹജ് കർമ്മം നിർവഹിക്കുന്നതിനായി പുണ്യഭൂമിയിൽ ഇന്ത്യയിൽ നിന്നടക്കമുള്ള തീർഥാടകർ എത്തിക്കഴിഞ്ഞു .ഓഗസ്റ്റ് ഒന്നുമുതലാണ് കേരളത്തിൽ നിന്നുള്ള തീർഥാടകർ എത്തുന്നത് .
ചെറിയാൻ കിടങ്ങന്നൂർ -






