കോട്ടയം: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി പിന്‍വലിച്ച മീശ എന്ന നോവല്‍ ഡി.സി ബുക്സ് പുറത്തിറക്കുന്നു. മാതൃഭൂമി വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ സംഘപരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തകരുടേയും ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വതന്ത്രമായി നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഹരീഷ് തീരുമാനിച്ചത്. തുടര്‍ന്ന് പുസ്തകത്തിന്റെ പ്രസിദ്ധീകരണം ഡി.സി ബുക്സ് ഏറ്റെടുക്കുകയായിരുന്നു.
മീശ ഇപ്പോള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയാണെങ്കില് മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കുക അസാധ്യമായിരിക്കുമെന്ന് ഡി.സി ബുക്സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബഷീറിന്റേയോ വി.കെ.എന്നിന്റേയോ വി.ടിയുടേയോ ഇന്നത്തെ എഴുത്തുകാരുടേയോ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ പലരുടേയും അനുവാദം വാങ്ങേണ്ടി വന്നേക്കാം അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വഹിക്കുകയാണെന്ന് ഡി.സി ബുക്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഡിസി ബുക്ക് ഇറക്കിയ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയമുള്ളവരേ,
എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ.
സ്നേഹത്തോടെ
ഡി സി ബുക്സ് പ്രസിദ്ധീകരണ വിഭാഗം






