
ന്യൂഡല്‍ഹി: കേരളാഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ മലയാളിയുടെ ആത്മഹത്യാശ്രമം പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പിടിച്ചുമാറ്റി. രാവിലെ പത്തു മണിയോടെ മുഖ്യമന്ത്രി താമസിക്കുന്ന മുഖ്യമന്ത്രിയുടെ കൊച്ചിന് ഹൗസിന്റെ മുറിയുടെ മുന്പില് ആലപ്പുഴക്കാരനും ഡല്‍ഹിയില്‍ താമസക്കാരനുമായിരുന്ന യുവാവ് എത്തിയത്. സമയോചിതമായി ഇടപെട്ട യുവാവിനെ കീഴടക്കിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹി പോലീസിന് കൈമാറി. ഇയാളെ ജീപ്പില്‍ കയറ്റി പോലീസ് കൊണ്ടുപോയി.
ഇന്ന് രാവിലെ തന്നെ ഇവിടെയെത്തിയ യുവാവ് പല കാര്യങ്ങളും പുലമ്പിക്കൊണ്ട് മുഖ്യമന്ത്രിയുടെ മുറിയുടെ വാതിലില്‍ എത്തുകയായിരുന്നു. കത്തിയുമായി വന്ന ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുകയായിരുന്നു. നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും പരിഹാരം കണ്ടിട്ടില്ലെന്നത് ഉള്‍പ്പെടെ അസ്വസ്ഥമായി പല കാര്യങ്ങളും പറയുന്നുണ്ടായിരുന്നു. താന്‍ രോഗിയാണെന്നും തനിക്ക് രണ്ടു മക്കളുണ്ടെന്നും പോലീസ് ജീപ്പിലേക്ക് കയറ്റുമ്പോള്‍ ഇയാള്‍ പുലമ്പുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി കേരളാ ഹൗസിലുള്ളപ്പോഴായിരുന്നു സംഭവം. ഇയാളുടെ മാനസീകനില തകരാറിലാണോ എന്നു പോലീസ് സംശയിക്കുന്നുണ്ട്. ഗുരുതര സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.






