ന്യൂഡല്‍ഹി: കേരള ഹൗസില്‍ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് മാനസികരോഗിയെന്ന് പോലീസ്. ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് കേരള ഹൗസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ ശാദ്രയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമല്‍രാജ് കത്തിയുമായി മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നിലെത്തിയത്.
തുടര്‍ന്ന് ഇയാളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തി ഡല്‍ഹി പോലീസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ 09.25നായിരുന്നു സംഭവം. വന്‍ സുരക്ഷാ വീഴ്ചയായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ഒരു കയ്യില്‍ ബാഗും പോക്കറ്റില്‍ ദേശീയ പതാകയുമായി എത്തിയ ഇയാള്‍ മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഹൗസില്‍ എത്തിയത്.
തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. താന്‍ മരിക്കാന്‍ പോകുകയാണെന്നും മുഖ്യമന്ത്രി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇയാള്‍ ആരോപിച്ചു. തനിക്ക് രണ്ട് മക്കളാണെന്നും നാല് ജില്ലകളിലായി മാറിമാറി താമസിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. സംഭവ സമയത്ത് കേരള ഹൗസില്‍ ഉണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ഇയാള്‍ തട്ടിക്കയറി.
#WATCH: Man tries to barge inside Kerala House in Delhi with a knife. Kerala Chief Minister Pinarayi Vijayan was present inside. Police says, 'the man is 80% mentally unstable & has been sent to Institute of Human Behaviour and Allied Sciences'. pic.twitter.com/j2frHaYBUY
— ANI (@ANI) August 4, 2018
അതേസമയം രണ്ട് വര്‍ഷം മുമ്പ് സെക്രട്ടറിയേറ്റിന് മുന്നിലും ഇയാള്‍ ആത്മഹത്യാ നാടകം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 2016 ജൂണ്‍ 24നാണ് ഇയാള്‍ സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിന് ആത്മഹത്യാ നാടകം നടത്തിയത്. തന്റെ ചികിത്സാ സഹായത്തിന് മുഖ്യമന്ത്രി ഇടപെടുന്നില്ല എന്നായിരുന്നു അന്നത്തെ ആരോപണം.






