
പരിയാരം(കണ്ണൂര്‍): പശുവിനെ വാങ്ങി മടങ്ങുകയായിരുന്ന മലയാളിയെ കര്‍ണാടക വനംവകുപ്പ് വെടിവെച്ച് വീഴ്ത്തി. പാണത്തൂര്‍ ചെമ്പേരിയിലെ എള്ളുകൊച്ചി നിഷാന്തിനാണ്(30) വെടിയേറ്റത്. കാലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറിയ നിഷാന്ത് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. സുള്ള്യ കോര്ലടുക്കയില് നിന്നും നാടന്‍ പശുവിനെയും കിടാവിനേയും വാങ്ങി മടങ്ങുകയായിരുന്നു മൂന്നംഗ സംഘം. കര്‍ണാടക- കേരള അതിര്‍ത്തിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ജീപ്പ് പിന്തുടര്ന്നു വന്ന വനംവകുപ്പ് റോഡിന് കുറുകെ വാഹനം തടഞ്ഞു. പിന്നാലെ ആകാശത്തേക്ക് വെടിവെച്ചതോടെ മൂന്നു പേരും വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി. ഇതിനിടെയില്‍ നിഷാന്തിന്റെ കാലില്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. വാഹനം ഉള്‍പ്പെടെ പശുവിനേയും കിടാവിനേയും വനംവകുപ്പ് കൊണ്ടുപോയി.






