
ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധിയുടെ അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരുന്നു. ഇതിനിടയില്‍ സംസ്കാരം നടത്തരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ആറു ഹര്‍ജികള്‍ പിന്‍വലിച്ചു. ഇതില്‍ വിധി ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച രാത്രി അവസാനിക്കാതിരുന്ന വാദം ഇന്ന് രാവിലെയും തുടരുകയായിരുന്നു. ട്രാഫിക്ക് രാമസ്വാമിയുടേത് അടക്കം അഞ്ചു പേര് നല്കിയ ആറ് ഹര്‍ജികളാണ് രാവിലെ തന്നെ പിന്‍വലിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഹര്‍ജി കോടതി പരിഗണിച്ചത്. ജഡ്ജിയുടെ വസതിയില്‍ നടന്ന വാദം രണ്ടര മണിക്കൂറോളം നീണ്ടു. ഇതില്‍ തീരുമാനമുണ്ടാകാത്തതിനാലാണ് ഇന്ന് രാവിലേക്ക് മാറ്റിയത്.
മറീന ബീച്ചില്‍ അണ്ണാ സ്മാരകത്തില്‍ ഇടമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുവാദം. അതിന് പുറമെ പ്രോട്ടോക്കോള്‍ പ്രകാരം മുന്‍ മുഖ്യമന്ത്രിക്ക് അവിടെ നല്‍കുന്നതിന് നിയമമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
നിയമപ്രശ്നം അടക്കം ചൂണ്ടിക്കാണിച്ചാണ് തമിഴ്നാട് സര്‍ക്കാര്‍ ഇവിടെ സംസ്കാരിക്കുന്നതിന് അനുവദിക്കാതിരിക്കുന്നത്. മറീന ബീച്ചില്‍ ഇതിന് സ്ഥലം അനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. സംസ്കരിക്കാന്‍ ഇടം നല്‍കിയില്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കാകും തമിഴകം സാക്ഷ്യം വഹിക്കുക. ഒന്നരക്കോടിയില്‍ അധികം അണികളുള്ള പാര്‍ട്ടിയാണ് ഡിഎംകെ. ഇവരും മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരും അടക്കം തെരുവില്‍ ഇറങ്ങിന് ഇടയുണ്ടെന്നും സൂചനകളുണ്ട്.






