
മുംബൈ: ഇന്ത്യന്‍ ഫുട്ബോളിന് ഇത് മായിക കാഴ്ചകളുടെ കാലം. മറഡോണയുടെയും മെസ്സിയുടെയും സ്വന്തം അര്‍ജന്റീനയുടെ കൗമാരക്കാരെ കെട്ടുകെട്ടിച്ച ഇന്ത്യന്‍ കൗമാരപ്പടയ്ക്ക് വരാനിരിക്കുന്നത് കൂടുതല്‍ കടുപ്പമേറിയ മത്സരങ്ങള്‍. ഇന്ത്യന്‍ അണ്ടര്‍ 20 ടീം ഇനി കളിക്കാന്‍ പോകുന്നത് ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെയും രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുടേയും ജൂനിയര്‍ നിര കളിക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കും.
അണ്ടര്‍ 20 ടീമുകള്‍ കളിക്കുന്ന ടൂര്‍ണമെന്റില്‍ സ്ളോവേനിയയിലെ ടീനേജ് ടീമാണ് ലോകകപ്പ് ഫൈനലിസ്റ്റുകളുടെയും ഇന്ത്യയുടെയും അനുജന്മാരുടെ ടീമുകള്‍ക്ക് പുറമേ കളിക്കുന്ന ടീം. സെപ്തംബര്‍ 4 മുതല്‍ 9 വരെയാണ് മത്സരങ്ങള്‍. ഇന്ത്യ ഇതുവരെ നേരിട്ട ഏറ്റവും കടുപ്പമേറിയ ടൂര്‍ണമെന്റാകും ഇത്. ഫ്രാന്‍സിന്റെയും ക്രൊയേഷ്യയുടെയും സീനിയര്‍ ടീമുകളാണ് ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ഫ്രാന്‍സ് 4-2 ന് കപ്പുയര്‍ത്തുകയും ചെയ്തു.
ലോകറാങ്കിംഗില്‍ 56 ാം സ്ഥാനത്ത് നില്ക്കുന്ന ടീമാണ് സ്ളോവേനിയ. ഇതുപോലെയുള്ള എതിരാളികളെ കിട്ടുന്നതിനേക്കാള്‍ മികച്ച അനുഭവ പരിചയം ഇതുവരെ ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല. അടുത്തകാലത്ത് ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. വലന്‍സിയയില്‍ നടന്ന കോട്ടിഫ് കപ്പില്‍ 10 പേരുമായി കളിച്ചാണ് അര്‍ജന്റീനയെ പോലെയുള്ള പരമ്പരാഗത ഫുട്ബോള്‍ ശക്തികളായ ടീമിനെ വീഴ്ത്തിയത്.
അന്‍വര്‍ അലിയുടെ ഫ്രീകിക്ക് ആയിരുന്നു ഇന്ത്യയ്ക്ക് അര്‍ജന്റീനയ്ക്ക് എതിരേ മികച്ച വിജയം സമ്മാനിച്ചത്. ഇന്ത്യന്‍ ടീമിന് സ്വപ്ന തുല്യമായ നേട്ടമായിരുന്നു ഇതിലൂടെ കൈവന്നത്. അതേസമയം അണ്ടര്‍ 16 ടീം ഉജ്വല പ്രകടനം നടത്തുകയാണ്. കഴിഞ്ഞ ദിവസം 3-0 ന് യെമനെയും തകര്‍ത്തതോടെ നാലു രാജ്യ ടൂര്‍ണമെന്റില്‍ ടീം ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. ഇറാനെയും യെമനെയും തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിന് ജപ്പാനാണ് ഫൈനലില്‍ എതിരാളികള്‍. ജപ്പാനെതിരേ കളിച്ച മത്സരം മാത്രമാണ് ഇന്ത്യ തോറ്റത്.





