
ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭക്ഷാടനം ക്രിമിനല്‍ കുറ്റമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. തലസ്ഥാന നഗരത്തിലെ ഭിക്ഷാടനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി റദ്ദാക്കിയത്. ബോംബെ പ്രിവന്‍ഷന്‍ ഓഫ് ബെഗ്ഗിംഗ് ആക്ട് പ്രകാരമെടുത്ത കേസുകള്‍ റദ്ദക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗിയ മിത്തലും ജസ്റ്റീസ് സി ഹരി ശങ്കറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍ ഭിക്ഷാടനത്തിന്റെ സാമൂഹിക സാമ്പത്തിക വശങ്ങള് കൂടി പരിശോധിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ നിര്‍ബന്ധിത ഭിക്ഷാടനം ഇല്ലാതാക്കുന്നതിനുള്ള പുതിയ നിയമം കൊണ്ടുവരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബോംബെയിലെ യാചക നിരോധന നിയമം ഡല്‍ഹിയില്‍ നടപ്പാക്കി ഭിക്ഷാടനത്തെ കുറ്റകൃത്യത്തിന് തുല്യമായി കണക്കാക്കുന്നതിനും അത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കുകയാണെന്നുമാണ് കോടതി വ്യക്തമാക്കിയത്.
ബോംബെ യാചക നിരോധന നിയമമനുസരിച്ച് , ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ല. എല്ലാവര്ക്കും ഭക്ഷവും തൊഴിലും നല്കാന് സര്‍ക്കാരിന് കഴിയാത്ത ഒരു രാജ്യത്ത് ഭിക്ഷാടനത്തെ എങ്ങനെ ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയുമെന്നും നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ കോടതി പരാമര്‍ശിച്ചിരുന്നു.






