
ന്യൂഡല്‍ഹി: ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നുപോയ കാര്‍ തടഞ്ഞുനിര്‍ത്തി തീര്‍ത്ഥാടകര്‍ തല്ലിത്തകര്‍ത്തു. കാവി വസ്ത്രധാരികളായി ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗുരുമുഖ്, ഗംഗോത്രി തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് കാല്‍നടയായി യാത്ര ചെയ്തവര്‍ക്ക് ഇടയിലൂടെ കടന്നുപോയ കാര്‍ തീര്‍ത്ഥാടകരില്‍ ഒരാളെ ഇടിച്ചു എന്നാരോപിച്ച് കമ്പും പൈപ്പും കല്ലും ഉപയോഗിച്ച് തീര്‍ത്ഥാടകര്‍ തകര്‍ക്കുകയായിരുന്നു.
ശിവഭക്തരായ കന്‍വാര്‍ തീര്‍ത്ഥാടകരായിരുന്നു അക്രമം അഴിച്ചുവിട്ടത്. പോലീസുകാര്‍ നോക്കി നില്‍ക്കേയായിരുന്നു അക്രമം. ഗതാഗതം സ്തംഭിപ്പിച്ച് തീര്‍ത്ഥാടകര്‍ നടത്തിയ അക്രമത്തിലേക്ക് ഇടപെടാന്‍ പോലീസ് തയ്യാറായില്ല. ഡല്‍ഹിയിലെ മോത്തിനഗറിലായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ വാഹനം ആക്രമിക്കുന്നതും പോലീസ് നില്ക്കുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമം തുടങ്ങിയപ്പോള്‍ തന്നെ കാര്‍ ഓടിച്ചിരുന്ന സ്ത്രീയും സഹയാത്രികനും ഇറങ്ങിയോടി. ആക്രമണത്തില്‍ പരാതി നല്കാന് യുവതി തയ്യാറായില്ലെങ്കിലും സ്വമേധയാ കേസെടുത്ത് അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം.
അതേസമയം കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് മേലേയ്ക്ക് ഹെലികോപ്റ്ററില്‍ നിന്നും റോസാപുഷ്പ ദളങ്ങള്‍ വര്‍ഷിക്കുന്ന യുപിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ വിവാദമായിട്ടുണ്ട്. ബുധനാഴ്ച എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ മീററ്റ് സോണിലെ എഡിജിപി പ്രശാന്ത് കുമാറാണ് പുഷ്പവൃഷ്ടി നടത്തുന്നത്. മീററ്റ് കമ്മീഷണര്‍ അനിതാ മെശ്രാമും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് നടപടി.
അതേസമയം ഇതിനെ മതപരമായ വശത്തുകൂടി കാണാന്‍ ശ്രമിക്കരുതെന്നും ആള്‍ക്കാരെ സ്വാഗതം ചെയ്യുന്നത് മുന്‍ നിര്‍ത്തിയുള്ള നടപടിയായിരുന്ന ഇതെന്നുമാണ് പ്രശാന്ത് കുമാര്‍ പറയുന്നത്. എല്ലാ മതവിശ്വാസങ്ങളെയും അധികൃതര്‍ മാനിക്കുന്നുണ്ടെന്നും ഗുരുപുരബ്, ഈദ്, ബക്രീദ്, ജെയിന് ആഘോഷങ്ങള്‍ എന്നിവയില്‍ എല്ലാം അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്നും ന്യായീകരിക്കുന്നു. ഹിന്ദു കലണ്ടര്‍പ്രകാരം നാലാമത്തെ മാസമായ ശ്രാവണത്തില്‍ ഗംഗാജലം കൊണ്ടുവരുന്നതിനായിട്ടാണ് തീര്‍ത്ഥാടകര്‍ കന്‍വാര്‍ തീര്‍ത്ഥയാത്ര നടത്തുന്നത്.
ശിവരാത്രി, അമാവാസി നാളുകളില്‍ ശിവപ്രീതിക്കായി ഈ ജലം തീര്‍ത്ഥമായി ഉപയോഗിക്കും. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ഭക്തര്‍ എത്തുന്നത്. ഡല്‍ഹി ഹരിദ്വാര്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ വര്‍ഷവും ശക്തമായ സുരക്ഷാ നടപടികളാണ് ഇവിടെ ഏര്‍പ്പെടുത്താറുള്ളത്.






