
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ തിരിച്ചടി. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളില്‍ വമ്പന്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ നായകനും തിരിച്ചടി നേരിട്ടിരിക്കുന്നത്. ഐസിസി തിങ്കളാഴ്ച പ്രഖ്യാപിച്ച ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ കോഹ്ലി ഒന്നാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് വീണു.
ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്താണ് 929 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തിയത്. ടീമിന്റെ ഒന്നടങ്കമുള്ള തകര്‍ച്ചയില്‍ നായകനും കാലിടറിയിരുന്നു. ലോര്‍ഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 23 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 17 റണ്‍സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്. എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ സെഞ്ചുറി നേട്ടത്തോടെ 149 റണ്‍സും, രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ചുറി നേട്ടത്തോടെ 51 റണ്‍സും കോഹ്ലി നേടിയിരുന്നു. ആദ്യ ടെസ്റ്റ് തോല്‍വിക്കു പിന്നാലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്സിനും 159 റണ്‍സിനുമാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്.
2011 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടൂല്‍ക്കര്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പിന്നാലെ എത്തിയ രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായിരുന്നു കോഹ്ലി. നിലവില്‍ ഒന്നാം റാങ്കിലേക്ക് തിരിച്ചുകയറിയ സ്റ്റീവ് സ്മിത്ത് പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണ്. 851 പോയിന്റോടെ ഇംണ്ട് നായകന് മജാ റൂട്ടാണ് മൂന്നാം സ്ഥാനത്ത്. അതേസമയം കരിയറിലാദ്യമായി 900 പോയിന്റ് കടമ്പ കടക്കാന്‍ ഇംഗ്ലീഷ് പേസര്‍ ആന്‍ഡേഴ്സണായി. ലോര്‍ഡ്സില്‍ ഒമ്പതു വിക്കറ്റ് വീഴ്ത്തിയ ആന്ഡേഴ്സണ് 19 പോയിന്റ് നേടി 903 ലെത്തി. ഇയാന്‍ ബോതത്തിനു ശേഷം ആദ്യമായാണ് ഒരു ബൗളര്‍ 900 പോയിന്റിലധികം നേടുന്നത്.






