
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ജനം നരകിക്കുമ്പോള്‍ സി.പി.ഐയിലെ ചില നേതാക്കള്‍ പാവങ്ങളുടെ റേഷനില്‍ കൈയിട്ടുവാരി ലക്ഷങ്ങള്‍ കൊയ്തു. സപ്ലൈകോയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ കരിഞ്ചന്തക്കാരുടെ പിണിയാളുകളെ കുടിയിരുത്തിയായിരുന്നു 'ഓണപ്പിരിവ്'. ഭക്ഷ്യമന്ത്രി പി. തിലോത്തമനെ നോക്കുകുത്തിയാക്കിയാണു സുപ്രധാനതസ്തികകളില് ഇളക്കിപ്രതിഷ്ഠയ്ക്കു ലക്ഷങ്ങളുടെ ലേലം വിളി നടന്നത്.
താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കപ്പെടാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് അഞ്ചുലക്ഷം രൂപയും ജില്ലാ സപ്ലൈ ഓഫീസര്‍ക്കു 10 ലക്ഷവുമാണു പാര്‍ട്ടി നിശ്ചയിച്ച പടി. സപ്ലൈകോ ഗോഡൗണില്‍നിന്നു 44 ലക്ഷം രൂപയുടെ റേഷനരി കരിഞ്ചന്തയിലേക്കു കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ സ്ഥലംമാറ്റപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസറെ അതേ ജില്ലയില്‍, ജില്ലാ സപ്ലൈ ഓഫീസറുടെ പദവിയിലേക്കുയര്‍ത്തി. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സി.പി.ഐ. നേതാവ് ഇടപെട്ടാണു നിയമന ഉത്തരവിറങ്ങിയത്. ഈ ഇടപാടില്‍ മറിഞ്ഞതു ലക്ഷങ്ങളാണ്. അഞ്ചുമാസം മുമ്പാണു കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലെ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണില്‍നിന്നു പുറത്തേക്കു കടത്താനായി സൂക്ഷിച്ച 1489.30 ക്വിന്റല്‍ അരി ഭക്ഷ്യമന്ത്രിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
ഇതേത്തുടര്‍ന്ന് ഡിപ്പോയുടെ ചുമതലയുണ്ടായിരുന്ന ജി.എസ്. ജലജറാണിയെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കു സ്ഥലംമാറ്റി. റേഷനിങ് കണ്‍ട്രോളറുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഗോഡൗണിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഒഴികെ മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റണമെന്നും താലൂക്ക് സപ്ലൈ ഓഫിസറെ ജില്ലയ്ക്കു പുറത്തേക്കു മാറ്റണമെന്നുമായിരുന്നു സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. എന്നാല്‍ കഴിഞ്ഞദിവസം ജലജറാണിയെ തിരുവന്തപുരം ജില്ലാ സപ്ലൈ ഓഫീസറാക്കി നിയമിച്ച് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കി.
നേരത്തേ റേഷന്‍ തിരിമറിയുമായി ബന്ധപ്പെട്ടു ഗോഡൗണ്‍ മാനേജരും റേഷന്‍ ഇന്‍സ്പെകടറുമായ മനിജയെ സസ്പെന്‍ഡ് ചെയ്തിരുന്നു. റേഷന്‍ വ്യാപാരികളുടെ നിരന്തര പരാതിയേത്തുടര്‍ന്നു പ്രത്യേക സ്ക്വാഡ് പരിശോധന നടത്തിയാണു ക്രമക്കേട് കണ്ടെത്തിയത്.
ഉന്നതോദ്യോഗസ്ഥരുടെ ഒത്താശയോടെയാണു തിരിമറിയെന്ന് അന്വേഷണസംഘം മന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സപ്ലൈകോ ഗോഡൗണുകളില്‍നിന്നു വാതില്‍പ്പടി വിതരണത്തിലൂടെ റേഷന്‍ കടകളിലെത്തുന്ന ഓരോ അരിച്ചാക്കിലും 2-4 കിലോഗ്രാം കുറവുണ്ടാകുന്നതായി വ്യാപാരികള്‍ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിരവധി തവണ പരാതി നല്‍കിയിരുന്നു.
പരിശോധനയില്‍ കൊട്ടാരക്കര, കടയ്ക്കല്‍ ആലുവ, ഏരൂര്‍ എന്നിവിടങ്ങളിലെ ഗോഡൗണുകളിലും അന്നു ക്രമക്കേട് കണ്ടെത്തി.
സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളിലും എത്തിച്ച ഓണം സ്പെഷല്‍ പഞ്ചസാരയില്‍ ഭീമമായ കുറവുണ്ടായിട്ടുണ്ട്. മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് ഒരു കിലോ വീതമാണു സ്പെഷല്‍ പഞ്ചസാര. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ തങ്ങളുടെ പരിധിയിലുള്ള റേഷന്‍ കടകളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റിനു കൈമാറിയിരുന്നു.
ഇതനുസരിച്ച് പഞ്ചസാര അനുവദിക്കുകയും ചെയ്തു. സിവില്‍ സ്പ്ലൈസ് ഗോഡൗണില്‍ പണമടയ്ക്കുന്ന മുറയ്ക്ക് പഞ്ചസാര നേരിട്ടു റേഷന്‍ കടകളില്‍ എത്തിക്കുകയാണു ചെയ്യുന്നത്. വാതില്‍പ്പടി വിതരണവാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. അതുകൊണ്ടുതന്നെ ദിവസേന ലോഡ് കണക്കിനു ഭക്ഷ്യസാധനങ്ങളാണു കരിഞ്ചന്തയിലെത്തുന്നത്.
ഓണം സ്പെഷല്‍ പഞ്ചസാര വിതരണം നടന്ന തിരുവനന്തപുരത്തെ മിക്ക റേഷന്‍ കടകളിലും 100-250 കിലോ കുറവുണ്ടായി. 700 കിലോ പഞ്ചസാരയ്ക്കു പണമടച്ച വ്യാപാരിക്കു ലഭിച്ചത് 550 കിലോ മാത്രം. 450 കിലോ പഞ്ചസാര ലഭിക്കേണ്ട വ്യാപാരിക്കു ലഭിച്ചത് 200 കിലോയും. ഗോഡൗണുകളില്‍നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു പഞ്ചസാര കരിച്ചന്തയിലേക്കു കടത്തിയത്. എത്തിച്ച പഞ്ചസാരയില്‍ കുറവുണ്ടായതോടെ,അധികമായി അടച്ച തുക തിരികെവേണമെന്നാണു വ്യാപാരികളുടെ ആവശ്യം.






