
ന്യൂഡല്‍ഹി: 72-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ് രാജ്യം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. എല്ലാവര്ക്കും തുല്യ നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ബി.ആര്. അംബേദ്കര്‍ നമുക്ക് നല്കിയ ഭരണഘടനയില്‍ എല്ലാവര്ക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം ഉറപ്പാക്കണം. എങ്കിലേ ഇന്ത്യയ്ക്ക് വലിയ രീതിയില്‍ വികസിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. മറ്റു ഭാഗങ്ങളില്‍ മികച്ച കാലവര്‍ഷം ലഭിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കുടുംബംഗങ്ങള്ക്കൊപ്പമാണ് തന്റെ മനസും ചിന്തകളും.
ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനം സാമൂഹിക നീതിക്കുവേണ്ടി മാറ്റിവച്ചതായിരുന്നു. ഒബിസി കമ്മീഷന് രൂപീകരിക്കുന്നതിനുള്ള ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കാനായിയെന്നും മോദി പറഞ്ഞു. നാവികസേനയുടെ ആറ് വനിത ഉദ്യോഗസ്ഥര്‍ അടുത്തിടെ ലോകം ചുറ്റിവന്ന അഭിമാനത്തോടെയാണ് നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






