
അച്ചന്കോവില്ഃ വന്‍ പ്രളയത്തില്‍ നിന്നും ഒന്നിച്ച് നിന്ന് കരകയറുകയാണ് കേരളം. 200ല്‍ അധികം പേരുടെ ജീവനെടുക്കുകയും നിരവധി പേരുടെ വീടുകള്‍ ഇല്ലാതാക്കുകയും ചെയ്ത പ്രകൃതിയുടെ രൗദ്രഭാവം ഇനി കാണാന്‍ ഇടവരരുതെ എന്ന പ്രാര്‍ത്ഥനയില്‍ കൂടിയാണ് ഏവരും. നദികളുടെ സംഹാര താണ്ഡവമായിരുന്നു കേരളം കണ്ടത്. ഇതിനിടെ അച്ഛന്കോവിലാര് നീന്തിക്കടക്കുക, ഈ ചിന്ത തന്നെ ആരെയും ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ ഉണ്ണികൃഷ്ണന് എന്നയാള്‍ അത് ചെയ്തു. മൂന്ന് ദിവസമായി മറുകരയില്‍ പട്ടിണികിടക്കുന്നവരെ കുറിച്ചോര്‍ത്തപ്പോള്‍ മറ്റൊന്നും അദ്ദേഹം ചിന്തിച്ചില്ല.
നാട്ടുകാരും ഫയര്‍ഫോഴ്സും നോക്കിനില്‍ക്കെ അരയില്‍ കയറും കെട്ടി കലിതുള്ളി നില്ക്കുന്ന ആറിലേക്ക് എടുത്ത് ചാടുകയായിരുന്നു. അപകടം മുന്നില്‍കണ്ട് അരയില്‍ കയര്‍ കെട്ടിയ ശേഷമാണ് രക്ഷദൗത്യത്തിനായി ഉണ്ണികൃഷ്ണന് നീന്തിനിറങ്ങിയത്.
പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കുള്ള ഭക്ഷണവുമായി പോയ മണികണ്ഡനാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഉണ്ണികൃഷ്ണന് അച്ചന്‍കോവിലാര്‍ നീന്തികടക്കുന്നതാണ് വീഡിയോ. ശക്തമായ ഒഴുക്കില്‍ പലപ്പോഴും ഉണ്ണികൃഷ്ണന്റെ നിയന്ത്രണം നഷ്ടമാകുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
അരയില്‍ കെട്ടിയ കയറുമായാണ് ഉണ്ണികൃഷ്ണന് ചാടുന്നതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. അച്ചന്‍കോവില്‍ സ്വദേശിയായ ഉണ്ണികൃഷ്ണന് വളരെ പണിപ്പെട്ടാണ് ആറ് നീന്തി കടന്നത്.






