
പയ്യനൂര്: കേരളത്തെ പിടിച്ചുലച്ച പ്രളയത്തില്‍ നിന്നും കരകയറുകയാണ് സംസ്ഥാനം. ദുരിതാശ്വാസത്തിനായി കേരളമൊന്നാകെ കൈകോര്‍ത്തിരിക്കുകയാണ്. അച്ഛന് തനിക്കും അനുജനുമായി നല്കിയ ഒരേക്കര്‍ സ്ഥലം സംഭവാന ചെയ്തിരിക്കുകയാണ് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സ്വാഹ. 'എന്റെ അച്ഛന് എനിക്കും കുഞ്ഞനുജനുമായി നല്കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു' എന്നായിരുന്നു സ്വാഹ വിഎസിന്റെ വാക്കുകള്‍.
ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് സ്വഹ. അനിയന് ബ്രഹ്മ ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മകളാണ് സ്വാഹ. ഇങ്ങനൊരാഗ്രഹം കുട്ടികള്‍ പറഞ്ഞപ്പോള്‍ താന്‍ സമ്മതിക്കുകയായിരുന്നെന്ന് ശങ്കരന് പറയുന്നു.
പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്ത് പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ സ്ഥലം ദുരിതബാധിതര്‍ക്കായി വിട്ടുകൊടുക്കും. മാര്‍ക്കറ്റില്‍ ഇപ്പോള്‍ 50 ലക്ഷം രൂപയോളം കിട്ടുന്ന ഭൂമിയാണത്. അത് പത്ത് പേര്‍ക്ക് സഹായകമാകുമെങ്കില്‍, മക്കള്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കട്ടെയെന്ന് ശങ്കരന് പറഞ്ഞു.
സ്വാഹ എഴുതിയ കുറിപ്പ് ഇങ്ങനെ:
'അണ്ണാന് കുഞ്ഞും തന്നാലായത്' എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഞാനും എന്റെ അനുജന് ബ്രഹ്മ:യും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്കാന് ആഗ്രഹിക്കുന്നു.
കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന് ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്കാന് നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?






