
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് പാകിസ്ഥാന് സംഘത്തില്‍ ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ സഹോദരനും പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഹെഡ്ലിയുടെ അര്‍ദ്ധസഹോദരനുമായ ഡാന്യല് ഗിലാനിയാണ് ഇത്തരത്തില്‍ പങ്കെടുത്തത്.
26/11ലെ മുംബൈ താജ് ആക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയാണ് 2009ല്‍ അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ് കോള്മാന് ഹെഡ്ലി.
പാക് ഇടക്കാല നിയമമന്ത്രി സയ്യിദ് അലി സഫര്‍ അടക്കമുള്ള അഞ്ചംഗ സംഘത്തിലാണ് പാകിസ്താന് ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് കൂടിയായ ദാവൂദ് ഗീലാനി എന്ന ഡാനിയല്‍ ഗീലാനിയും എത്തിയത്. ഹെഡ്ലിയുമായുള്ള ബന്ധം നേരത്തെ ഉപേക്ഷിച്ചതാണെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്താനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് എന്നനിലയിലാണ് എത്തിയത്. ഗീലാനിക്ക് തീവ്രവാദബന്ധമില്ലെന്നും, ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ അദ്ദേഹം ഉള്‍പ്പെടുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മതിയായ പരിശോധനകള്‍ക്കു ശേഷമാണ് ഗീലാനിക്ക് വിസ അനുവദിച്ചതെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
സെന്‍സര്‍ബോര്‍ഡ് ചെയര്മാന് എന്ന നിലയ്ക്ക് പുറമെ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പ്രസ് സെക്രട്ടറിയായും ഡാനിയല്‍ ഗീലാനി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്താന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍ വക്താവുമായിരുന്നു.
വാജ്പേയിയുടെ സംസ്കാരത്തില്‍ പങ്കെടുത്ത പാക് സംഘം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതില്‍നിന്ന് ഗീലാനി വിട്ടുനിന്നിരുന്നു. കൂടിക്കാഴ്ചയില്‍ ഗീലാനി പങ്കെടുത്തിരുന്നെങ്കില്‍ ഇന്ത്യക്ക് അപമാനമായേനെ എന്ന് വിമര്‍ശനം ഉയരുന്നുണ്ട്.






