
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഷബീര്‍ അഹമ്മദ് ഭട്ടാണ് ഇന്ന് പുലര്‍ച്ചെ 2.30തോടെ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ടോടെ ഇയാളെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിന്നീട് ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി വലിയതോതിലുള്ള തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ജമ്മുവില്‍ മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആദ്യമായാണ് തീവ്രവാദികള്‍ പൊതുപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി കൊല്ലുന്നത്. കഴിഞ്ഞ വര്‍ഷം 30കാരനായ ബിജെപി പ്രവര്ത്തകന് ഷോപ്പിയാന്‍ ജില്ലയില്‍ വച്ച് കഴുത്തറത്ത നിലയില്‍ കൊല്ലപ്പെട്ടിരുന്നു. ബിജെപി ദേശീയധ്യക്ഷന്‍ അമിത് ഷാ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. ഭീകരര്‍ക്ക് യുവക്കളെ നല്ല പാതയില്‍ പൊകുന്നതില്‍ നിന്നും പിന്തിരിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.






