
കണ്ണൂര്‍ : മാതാപിതാക്കളെയും മകളെയും ആഹാരത്തില്‍ വിഷം കലര്‍ത്തി കൊന്ന കേസില്‍ നിരപരാധിയെന്ന് സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ്. 'തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ ആരും കുറ്റക്കാരല്ല. കുടുംബം തന്നെ ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല, ആരെയും കൊന്നിട്ടില്ല. ' എന്നിങ്ങനെയാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്.
അതേസമയം, ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോലീസ് ബന്ധുക്കളെ വിളിച്ചുവെങ്കിലും ആരും എത്തിയില്ല. ഇതിനിടെ, ജയിലിലെത്തി നടത്തിയ പരിശോധനയിലാണ് താന്‍ നിരപരാധിയാണെന്നും ആരെയും കൊന്നിട്ടില്ലെന്നും അവകാശപ്പെടുന്ന സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
ജയിലില്‍ നിന്നും കണ്ടെടുത്ത സൗമ്യയുടെ ഡയറിയിലും താന്‍ നിരപരാധിയാണെന്ന് എഴുതിയിട്ടുണ്ട്. മകളെ അഭിസംബോധന ചെയ്ത് എഴുതിയ ഡയറിയിലും ഇതേ വാചകങ്ങളാണ് ആവര്‍ത്തിച്ചിരിക്കുന്നത്.
റിമാന്റില്‍ കഴിഞ്ഞിരുന്ന സൗമ്യയെ രാവിലെ ഒന്‍പതരയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൗമ്യയുടെ തൂങ്ങി മരണത്തോടെ കേസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണന് (80), അമ്മ കമല (65) ഒന്‍പതും ആറും വയസ്സുള്ള രണ്ട് പെണ്മക്കള് എന്നിവരെ കൊലപ്പെടുത്തിയ ശേഷം കടബാധ്യതയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു സൗമ്യയുടെ ശ്രമം.
ഛര്‍ദിയെത്തുടര്‍ന്നാണ് പടന്നയില്‍ സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണന്(80) അമ്മ കമല(65), ഒന്‍പതും ആറും വയസ്സുള്ള രണ്ടു പെണ്മക്കള് എന്നിവര്‍ മരിച്ചത്. 2012 ലായിരുന്നു ഇളയ മകള്‍ കീര്‍ത്തനയുടെ മരണം. ഒരേ ലക്ഷണങ്ങളോടെ തുടര്‍ മരണങ്ങള് ഉണ്ടായ സാഹചര്യത്തിലാണ് ബന്ധുക്കള്‍ പോലീസില്‍ സമീപിച്ചത്. ഇതിനിടെ, സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ദുരൂഹത ബലപ്പെട്ടു. സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ മരിച്ച ആറുവയസ്സുകാരിയുടെ മൃതദേഹം പോലീസ് പുറത്തെടുത്തു. ഈ സമയം ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യആശുപത്രിയിലായിരുന്നു.
കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യയെ ആശുപത്രിയിലെത്തിയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആശുപത്രിയില്‍ നിന്ന് ചിരിച്ചുകൊണ്ടാണ് സൗമ്യ വനിതാ പോലീസുകാര്‍ക്കൊപ്പം പോയത്. ആദ്യം സഹകരിക്കാതിരുന്ന സൗമ്യ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നാലുപേരെയും താന്‍ വിഷം കൊടുത്ത് കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.






