
ന്യൂഡല്‍ഹി: മുംബൈയിലെ നിശബ്ദ മേഖലയില്‍ ശബ്ദ ശല്യമുണ്ടാക്കിയാല്‍ ഇനി പണികിട്ടും. അഞ്ചുവര്‍ഷം ജയില്‍ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ ഉത്സവ സീസണ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാരിന്റെ ഈ നിര്‍ദേശം. നിശബ്ദ മേഖലകളില്‍ പരിധി ലംഘിച്ചും ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോലീസ് സ്റ്റേഷനുകളില്‍ പരാതിപ്പെടണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിനായി പോലീസിന്റെ ഹെല്പ്പ്ലൈന് നമ്പറാണ് 100 ജനങ്ങള്‍ക്ക് ഉപയോഗിക്കാം.
മുംബൈ നഗരത്തിലെ 110 പ്രദേശങ്ങള്‍ നിശബ്ദ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, സ്കൂളുകളള്, കോളജുകള്‍, കോടതികള്‍ തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്ന മേഖലകളാണിവ. ഈ മേഖലകളില്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവര്‍ ജയില്‍ശിക്ഷയ്ക്കും പിഴയ്ക്കും അര്‍ഹരാണെന്ന നിലപാടാണ് സര്‍ക്കാരിന്.
ഈ മേഖലകളില്‍ പകല്‍ സമയത്ത് ശബ്ദപരിധി 50 ഡെസിബെല്ലിനും രാത്രികാലങ്ങളില്‍ 40 ഡെസിബെല്ലിനും മുകളില്‍ പോകാന്‍ പാടില്ലെന്നാണ് നിയമം. അതേസമയം, വ്യവസായ മേഖലകളില്‍ നശബ്ദപരിധി പകല്‍ 75 ഡെസിബെല്ലും രാത്രി 70 ഡെസിബെല്ലുമാണ്. വാണിജ്യ മേഖലയില്‍ ഇത് യഥാക്രമം 65 ഡെസിബെല്ലും 55 ഡെസിബെല്ലും റെസിഡന്‍ഷ്യല്‍ മേഖലകളില്‍ 55ഉം 45 ഡെസിബെല്ലുമാണ്.






