മുംബൈ: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ബി.ജെ.പി രാഷ്ട്രീയ നിറം നല്‍കുന്നുവെന്ന് ശിവസേന. ബി.ജെ.പിയുടെ പ്രകടനം വാജ്പേയിയെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ചെറുതാക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ പതിനാറിന് അന്തരിച്ച വാജ്പേയിയുടെ ചിതാഭസ്മം രാജ്യത്തെ എല്ലാ പ്രധാന നദികളിലും നിമഞ്ജനം ചെയ്യാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു.
ഈ നടപടിയെ ജീവിച്ചിരിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രാധാന്യം നല്കുന്നില്ലെങ്കിലും അവരുടെ ചിതാഭസ്മത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ശിവസേന പരിഹസിച്ചു. ഒരു വ്യക്തിക്കുള്ള യഥാര്‍ത്ഥ ആദരാഞ്ജലി അദ്ദേഹത്തിന്റെ ചിന്തകള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്. മറിച്ചുള്ള പ്രകടനങ്ങള്‍ പരിഹാസ്യമാണെന്നും ശിവസേന കുറ്റപ്പെടുത്തി. പാര്‍ട്ടി മുഖപത്രമായ സാംമ്നയിലെ ലേഖനത്തിലാണ് ശിവസേനയുടെ വിമര്‍ശനം.
മരണശേഷം വാജ്പേയിയെ ചെറുതാക്കുന്ന നടപടിയാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രാജ്യമെമ്പാടും സ്വീകാര്യതയുള്ള നേതാവായിരുന്നു വാജ്പേയി. അദ്ദേഹത്തിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നത് ബി.ജെ.പി പരിപാടിയാക്കി മാറ്റാതെ എല്ലാ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തി ദേശീയ പരിപാടിയായി നടത്തണമായിരുന്നുവെന്നും ശിവസേന പറഞ്ഞു.
എല്ലാ പാര്‍ട്ടികളേയും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ വാജ്പേയിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തേനേ. ബംഗാളില്‍ നിന്ന് മമത ബാനര്‍ജിയും ഒഡീഷയില്‍ നിന്ന് നവീന്‍ പട്നായിക്കും ചിതാഭസ്മം ഏറ്റുവാങ്ങിയേനെ. മഹാരാഷ്ട്രയില്‍ നിന്ന് ശിവസേനയും തയ്യാറായിരുന്നെന്നും പാര്‍ട്ടി മുഖപത്രം വ്യക്തമാക്കുന്നു. അപ്രകാരം ചെയ്തിരുന്നെങ്കില്‍ വാജ്പേയിയുടെ മഹത്വം ലോകം അറിഞ്ഞേനെ എന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.






