തിരുവനന്തപുരം: പ്രളയകാലത്ത് ജര്‍മ്മന്‍ സന്ദര്‍ശനത്തിന് പോയ വനംമന്ത്രി കെ. രാജുവിന് സി.പി.ഐയുടെ പരസ്യ ശാസന. മന്ത്രിയുടെ നടപടിയെ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് പരസ്യമായി ശാസിച്ചു. മന്ത്രിയുടെ വിശദീകരണം തേടിയ സി.പി.ഐ വിദേശയാത്ര തെറ്റായിപ്പോയെന്ന് വിലയിരുത്തി. ഇതേതുടര്‍ന്നാണ് പരസ്യശാസന. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ഇനി ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സി.പി.ഐ മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നും സി.പി.ഐ തീരുമാനിച്ചു. പ്രളയക്കെടുതിയില്‍ വ്യാപക നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് സി.പി.ഐയുടെ മന്ത്രിമാരും എം.എല്‍.എമാരടക്കം എല്ലാ ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തീരുമാനിച്ചതായും കാനം വ്യക്തമാക്കി.






