
കണ്ണൂര്‍ : പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലിനുള്ളില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ജയില്‍ ഡിഐജി എസ്.സന്തോഷ് തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പരിസരങ്ങളിലാണ് തെളിവെടുപ്പ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച റീജണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി മുകേഷ് കഴിഞ്ഞ ദിവസം ഡിഐജിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവടുപ്പ്. സംഭവ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
മുന്‍പും ആത്മഹത്യാ പ്രേരണ കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ വനിതാ ജയിലില്‍ 20 തടവുകാര്‍ക്കായി 23 ജീവനക്കാരുണ്ട്. കൂട്ടക്കൊലക്കേസ് പ്രതിയായിട്ടും ജയില്‍ ഉദ്യോഗസ്ഥര്‍ മതിയായ ശ്രദ്ധ കൊടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
തടവുകാരെ സെല്ലിനു പിറത്ത് ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകണമെന്നാണ് ചട്ടം. എന്നാല്‍, കൊലക്കേസ് പ്രതികളെ പുറം ജോലിക്ക് നിയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തില്‍ ഉണ്ടായില്ലന്ന് ജയില്‍ തന്നെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിസ്ഥലത്തു നിന്നും സൗമ്യയെ കാണാതായ വിവരം മരക്കൊമ്പില്‍ തൂങ്ങി മരിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ അറിഞ്ഞത്.






