
ചെന്നൈ: തന്റെ സഹോദരനും വിമത നേതാവുമായ എം.കെ അഴഗിരിയെ സ്റ്റാലിന് പാര്‍ട്ടിയില്‍ തിരിച്ചെടുത്തേക്കുമെന്ന് സൂചന. ഡി.എം.കെ പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ പാര്‍ട്ടി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ 8നാണ് നിര്‍ണായക ഡി.എം.കെ യോഗം. അന്ന് തന്നെ പാര്‍ട്ടിയുടെ മുഴുവന്‍ ജില്ലാ പ്രസിഡന്റുമാരുമായും സ്റ്റാലിന് കൂടിക്കാഴ്ച നടത്തും.
അഴഗിരിയെ തിരിച്ചെടുക്കുന്നതിന് പുറമെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. പാര്‍ട്ടി ഫണ്ട് സമാഹരണവും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് അറിയുന്നു. കരുണാനിധിയുടേയും എ.ഐ.എ.ഡി.എം.കെ നേതാവ് എ.കെ ബോസിന്റെയും മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന തിരുവരൂര്‍, തിരുപ്പരങ്കുണ്ട്രം എന്നീ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഡി.എം.കെ യോഗത്തില്‍ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സ്റ്റാലിന്റെ നേതൃത്വത്തിലാകും തീരുമാനിക്കുക.
തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കുമെന്ന് അഴഗിരി വ്യക്തമാക്കിയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അഴഗിരിലെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്. കരുണാനിധിയുടെ നിര്യാണത്തിന് പിന്നാലെ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ അഴഗിരി തുടങ്ങിയിരുന്നു. അതിനിടെ നിര്‍ണായക ഡി.എം.കെ യോഗത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 5ന് ചെന്നൈയില്‍ തന്റെ അണികളെ അണിനിരത്തി ശക്തിപ്രകടനം നടത്താന്‍ അഴഗിരി തീരുമാനിച്ചിട്ടുണ്ട്.







Comments