
തൃപ്പൂണിത്തുറ: 36 മണിക്കൂര്‍ നിര്‍ത്താതെ വയലിന്റെ തന്ത്രികളില്‍ മാസ്മരിക സംഗീതം പൊഴിച്ച് വിശ്വനാഥന് കുറിച്ചത് ലോക റെക്കോര്‍ഡ്. തൃപ്പൂണിത്തുറ അമ്പിളി നഗറിന് സമീപം പുഴയോരത്തുള്ള റിവര്‍ ബോണ്‍ സെന്ററില്‍ ശനിയാഴ്ച രാവിലെ എട്ടിന് ് ആരംഭിച്ച വയലിന് വാദനം ഇന്നലെ വൈകിട്ട് 4 മണിയായപ്പോള്‍ നിലവിലുള്ള 33 മണിക്കൂര്‍ എന്ന ലോക റെക്കോര്‍ഡ് ഭേദിച്ചു. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി വയലിന് വായിച്ച ശേഷം പത്തു മിനുട്ട് വിശ്രമം. ഈ രീതിയില്‍ ഗിന്നസ് വേള്‍ഡ് നിബന്ധനകള്‍ക്ക് അനുസൃതമായാണ് പ്രോഗ്രാം നടന്നത്.
അര്‍മേനിയന്‍ സ്വദേശിനിയായ നിക്കോള മഡോയാന്റെ പേരിലുള്ളതാണ് 33 മണിക്കൂര്‍ എന്ന നിലവിലുള്ള റെക്കോര്‍ഡ്. 36 മണിക്കൂര്‍ നീണ്ട വയലിന് സപര്യയില്‍ ബിഥോവന്റെ പ്രശസ്ത കോമ്പോസിഷനുകളും ,തമിഴ്,ഹിന്ദി,മലയാളം മെലഡികളും ശ്രോതാക്കള്‍ക്ക് ഹൃദ്യാനുഭവമായി.ഇന്നലെ രാത്രി 8 നാണ് മാരത്തണ്‍ പ്രകടനം സമാപിച്ചത്.
തൃപ്പൂണിത്തുറ സ്വദേശിയും ആര്.എല്‍.വി.മ്യൂസിക് കോളജ് പൂര്‍വ വിദ്യാര്‍ഥിയുമായ വിശ്വനാഥന് ട്രിനിറ്റി കോളജ് ഓഫ് ലണ്ടനില്‍ നിന്നും വെസ്റ്റേണ്‍ വയലിനില്‍ ഡിപ്ലോമ നേടി. കനേഡിയന്‍ സിംഫണി ഓര്‍ക്കസ്ട്രയില്‍ പങ്കെടുത്തിട്ടുള വിശ്വനാഥന് ഇന്ത്യന്‍ നാഷണല്‍ യൂത്ത് ഓര്‍ക്കസ്ട്രയില്‍ അംഗമാണ്. നാട്ടിലും വിദേശത്തും നിരവധി വേദികളില്‍ വയലിന് വായിച്ചിട്ടുള്ള വിശ്വനാഥന് പല മലയാള സിനിമകള്‍ക്കും വേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ എം. സ്വരാജ് എം.എല്‍.എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രികാ ദേവി, വാര്‍ഡ് കൗണ് സിലര് രാധികാ വര്‍മ്മ ,ചവറ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ.റോബി കണ്ണഞ്ചിറ, കോഡ്സ് അക്കാദമി ഡയറക്ടര്‍ ബെന്നി ചെറിയാന്, ആര്.എല്‍.വി. കോളജ് റിട്ടയേഡ് പ്രഫസര്‍ പി.ടി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. 36 മണിക്കൂര്‍ നീണ്ട വയലിന് സോളോയുടെ വീഡിയോയും മറ്റു രേഖകളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ക്ക് അയച്ചുകൊടുത്ത് പരിശോധനകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം നടത്തുക.






