
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എയും സിപിഎം മുതിര്‍ന്ന നേതാവുമായ പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടി. പെണ്‍കുട്ടി നേരിട്ട് പരാതി നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികളുടെ സാധ്യത പരിശോധിക്കാനാണ് നിയമോപദേശം തേടിയിരിക്കുന്നത്. കേസില്‍ ദേശീയ വനിതാ കമ്മീഷന് സ്വമേധയ കേസെടുക്കുകയും, പോലീസ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഈ സഹാചര്യത്തിലാണ് കേസില്‍ ഡിജിപി ഇടപെട്ടിരിക്കുന്നത്.
അതേസമയം എംഎല്‍എയ്ക്കെതിരായ പരാതി പെണ്‍കുട്ടി നിയമസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് സംസ്ഥാന കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് പറഞ്ഞു. പരാതി കിട്ടിയാല്‍ വനിതാ കമ്മീഷന് അന്വേഷിക്കുമെന്നും, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ജോസഫൈന് വ്യക്തമാക്കി. എന്നാല്‍ ആര്‍ക്കും രാഷ്ട്രീയ പരിഗണന നല്‍കില്ലെന്നും ജോസഫൈന് പറഞ്ഞു.
പീഡിപ്പിക്കപ്പെട്ടുവെന്ന് ഇര പരാതിപ്പെടുകയോ പൊതുസമൂഹത്തിനു മുന്നില്‍ പറയുകയോ ചെയ്തിട്ടില്ല, പിന്നെയെങ്ങനെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുക്കും' എന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയുടെ ആദ്യ ഘട്ടത്തിലെ പ്രതികരണം. പീഡനപരാതിയില്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തോട് മലക്കംമറിഞ്ഞ് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. കമ്മീഷന് ഒരു കേസില്‍ സ്വമേധയാ കേസെടുക്കണമെങ്കില്‍ പീഡനത്തിന് ഇരയായ ആള് കമ്മീഷന് പരാതി നല്‍കുകയോ പൊതുസമൂഹത്തിനു മുന്നില്‍ പരാതിപ്പെടുകയോ വേണം. ഇ കേസില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പിന്നെ കമ്മീഷന് എങ്ങനെ സ്വമേധയാ കേസെടുക്കാന്‍ കഴിയുമെന്നും ജോസഫൈന് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
പാര്‍ട്ടിക്ക് പരാതി നല്‍കിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിക്ക് പരാതി പരിശോധിക്കാന്‍ ഉചിതമായ സംവിധാനമുണ്ടെന്നും അവര്‍ പറഞ്ഞു. മുന്‍പ് ജനശ്രദ്ധ നേടിയ ചില കേസുകളിലും ദിവസേന മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രസ്താവന നടത്തിയിരുന്ന വനിതാ കമ്മീഷനാണ് ഇപ്പോള്‍ ഇര നേരിട്ട് പരാതി നല്‍കിയില്ലെന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറുന്നത്.






