
ന്യൂഡല്‍ഹി: ചരിത്രം തിരുത്തി മാനവീക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്കി സുപ്രീംകോടതി സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കിയത് കഴിഞ്ഞ ദിവസമാണ്. ഒരുഭാഗത്ത് ഭിന്നലിംഗക്കാര്‍ക്ക് പുറമേയുള്ളവരും ഇതിന് രാജ്യത്ത് വലിയ സ്വീകാര്യത നല്കുമ്പോള് അതിലെ ആശയക്കുഴപ്പങ്ങള്‍ അവസാനിക്കാതെ നിയമവിദഗ്ദ്ധര്‍ ചൂടുപിടിച്ച ചര്‍ച്ച തുടരുന്നു. പുറത്ത് നിയമം മാറിയെങ്കിലും ഇന്ത്യൻ സൈന്യം, വ്യോമസേന, നാവികസേന എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ സ്വവർഗലൈംഗികതയെ ശിക്ഷിക്കപ്പെടാവുന്ന കുറ്റമായാണ് കണക്കാക്കുന്നതാണ് ഒരു കാര്യം.
1950ലെ ഇന്ത്യൻ സൈനിക നിയമത്തിന്റെ 45ാം വകുപ്പ് ക്രൂരവും അസഭ്യവും പ്രകൃതിവിരുദ്ധവുമായ പ്രവർത്തികളെ കോർട്ട് മാർഷലിലൂടെ പുറത്താക്കുകയോ ഏഴുവർഷം വരെ തടവിന് ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന കുറ്റമായിട്ടാണ് ഇപ്പോഴും കണക്കാക്കുന്നത്. വ്യോമസേനാ നിയമത്തിന്റെ 45, 46 വകുപ്പുകളും പറയുന്നത് ഇതേ കാര്യമാണ്. നാവികസേന നിയമം 1957 പ്രകാരം അസഭ്യമായ പ്രവർത്തിയുടെ ശിക്ഷ രണ്ടു വർഷം വരെ ജയിൽ തടവാണ്. സുപ്രീം കോടതി വിധി എങ്ങനെയാണ് സൈനീക നിയമങ്ങളെ ബാധിക്കാൻ പോകുന്നത് എന്നതാണ് ഇക്കാര്യത്തിലെ പൊതു ചര്‍ച്ച.
വിധി ഇന്ത്യൻ സൈനിക നിയമങ്ങളെ മനുഷ്യത്വപരമാക്കാൻ സഹായിക്കുമെന്ന് മേജർ നവ്ദീപ് സിംഗ് കരുതുന്നു. “ഉഭയ സമ്മതത്തോടെ ഏതു
ലൈംഗീകതയും വ്യക്തിയുടെ മൗലീകാവശകാശമായി കരുതണമെന്നതാണ് സുപ്രീംകോടതിവിധി. എന്നാല്‍ ഇതു വെച്ച് സൈന്യത്തിന്റെ 69ാം വകുപ്പും ഐപിസി 377ാം വകുപ്പും ചേർത്ത് സൈനികരെ വിചാരണ ചെയ്യാൻ കഴിയുകയില്ല.
സ്വവർഗാനുരാഗ ബന്ധങ്ങളിൽ നിന്ന് പ്രകൃതിവിരുദ്ധം എന്ന ലേബൽ മാറ്റിക്കളയുകയാണ് വിധി ചെയ്തത്. എന്നാൽ ക്രൂരവും അസഭ്യവുമായ മറ്റെല്ലാ പ്രവർത്തികളും 46ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി തുടരും. സൈനിക നിയമത്തിലെ 46(ബി) വകുപ്പ് പ്രകാരം സ്വവർഗാനുരാഗം ഇനി തുടർന്നും കുറ്റകരമായിരിക്കും. കുറ്റാരോപിതനെ അച്ചടക്കലംഘനത്തിന്റെ പേരിൽ നിയമത്തിന്റെ 63ാം വകുപ്പ് പ്രകാരവും ശിക്ഷിക്കാൻ കഴിയും. ഭരണഘടനയുടെ ആർട്ടിക്ക്ൾ 33 പ്രകാരം സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം പാർലമെന്റിനാണ്. അങ്ങനെ വരുമ്പോൾ സ്വവർഗാനുരാഗം നിയമവിധേയമാക്കിയത് സൈന്യത്തിന് കൂടി ബാധകമാകണമെങ്കിൽ പാർലമെന്റ് പ്രത്യേക ഓർഡിനൻസ് ഇറക്കേണ്ടിവരും.
കുടുംബങ്ങളിൽ നിന്നകന്നു നില്ക്കുന്ന സാഹചര്യത്തില്‍ കാലങ്ങളോളം കഴിയേണ്ടി വരുന്നവരാണ് സൈനികർ. കഴിഞ്ഞ ആഴ്ച സൈനിക തലവനായ ജനറൽ ബിപിൻ റാവത്ത് എല്ലാ കേണലുകളേയും അവരുടെ പങ്കാളികളെയും ഡൽഹിയിലെ മനീക്ഷാ സെന്ററിൽ വിളിച്ചുകൂട്ടി ‘സദാചാര വിരുദ്ധ’ പ്രവർത്തികൾ പൊറുക്കാനാകില്ലെന്ന് പറഞ്ഞിരുന്നു. സൈന്യത്തിലെ സ്വവർഗാനുരാഗത്തിന് എതിരാണ് മിക്ക രാജ്യങ്ങൾ എന്നുണ്ടെങ്കിലും അമേരിക്കയും ബ്രിട്ടനും സ്വവർഗാനുരാഗികളെ സൈന്യത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് പുതിയൊരു മാറ്റത്തെ നയിക്കുകയുണ്ടായി.






