ലഖ്നൗ: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവ ഐ.പി.എസ് ഉദ്യോഗസ്ഥന് മരിച്ചു. കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുരേന്ദ്ര കുമാര്‍ ദാസാണ് (30) മരിച്ചത്. 2014 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ സുരേന്ദ്ര കുമാര്‍ കാണ്‍പൂര്‍ ഈസ്റ്റ് എസ്.പിയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുരേന്ദ്ര കുമാര്‍ വിഷം കഴിച്ചത്.
വിഷത്തിന്റെ കാഠിന്യത്താല്‍ സുരേന്ദ്ര കുമാറിന്റെ നിരവധി ആന്തരികാവയങ്ങള്‍ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതാണ് മരണകാരണമെന്ന് ചികിത്സ നടത്തിയ ഡോ. രാജേഷ് അഗര്‍വാള്‍ പറഞ്ഞു. റീജന്‍സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുരേന്ദ്ര കുമാര്‍. സംസ്ഥാന ഡി.ജി.പി ഒ.പി സിംഗ് ഞായറാഴ്ച ആശുപത്രിയില്‍ എത്തി സുരേന്ദ്ര കുമാറിനെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സുരേന്ദ്ര കുമാര്‍ ദാസ് ഗൂഗിളില്‍ അന്വേഷിച്ചിരുന്നു. വിഷം കഴിച്ചു മരിക്കുന്നതിനെക്കുറിച്ചും ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കുന്നതിനെക്കുറിച്ചും ഇയാള്‍ ഗൂഗിളില്‍ നോക്കി. സെല്‍ഫോസ് എന്ന വിഷവസ്തുവാണ് സുരേന്ദ്ര കുമാര്‍ ദാസ് കഴിച്ചത്. വിഷാദ രോഗവും ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കവുമാണ് സുരേന്ദ്ര കുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന.
ജന്മാഷ്ടമി ദിനത്തില്‍ ഭാര്യ ഡോ. രവീണ സിംഗ് നോണ്‍ വെജ് പിസ ഓര്‍ഡര്‍ ചെയ്തതിനെച്ചൊല്ലി സുരേന്ദ്ര കുമാറുമായി വഴക്കുണ്ടായിരുന്നു. ഔദ്യോഗിക വസതിയില്‍ വച്ച് നടന്ന കുടുംബ വഴക്കിനെക്കുറിച്ച് എസ്.പിയുടെ ജീവനക്കാരാണ് പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ബന്ധുക്കള്‍ ഇടപെട്ടാണ് ഇരുവരുടേയും വഴക്ക് അവസാനിപ്പിച്ചത്.






