ദുബായ്: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് ഏറ്റെടുത്ത് പാക്കിസ്ഥാനി യുവാവ്. ഗള്‍ഫില്‍ ജോലി ചെയ്യന്ന പാക് യുവാവ് ഹുസൈന് തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ സംഭാവന ഒരു ടോക്കണ്‍ തുക മാത്രമാണെന്ന് ഹുസൈന് പറഞ്ഞു.
യു.എ.ഇയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്യുകയാണ് ഹുസൈന്. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മലയാളി കിരണ്‍ കണ്ണന് വഴിയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തെക്കുറിച്ച് ഹുസൈന് അറിഞ്ഞത്. കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യു.എ.ഇ ചാപ്റ്റര്‍ സംഘടിപ്പിച്ച ചര്‍ച്ചയിലും ഹുസൈന് പങ്കെടുത്തിരുന്നു.
നേത്തൈ ഫിലിപ്പീന്‍സില്‍ തൈഫൂണ്‍ ചുഴലിക്കാറ്റ് അടിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടിയും ഹുസൈന്റെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിയിരുന്നു. താന്‍ ഒരു പാക്കിസ്ഥാനിയാണെങ്കിലും പ്രകൃതി ദുരന്തം നേരിടുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും കരുതുന്നുവെന്നും ഹുസൈന് പറഞ്ഞു.






