
ലക്നൗ : പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 63 കുറ്റവാളികള്‍ കൊല്ലപ്പെട്ടതിനെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് പോലീസ് മേധാവി ഒ.പി സിംഗ്. ഏറ്റുമുട്ടലുകള്‍ സംസ്ഥാന നയത്തിന്റെ ഭാഗമല്ല പക്ഷേ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോലീസ് നയങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. വളരെ തന്ത്രപരമായ രീതിയില്‍ കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിനെ ഏറ്റുമുട്ടല്‍ എന്നു വിളിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പോലിസിനു നേരെ വെടിയുതിര്‍ത്താല്‍ തിരിച്ചടിക്കുക മാത്രമാണ് വഴി. ഇത്തരത്തിലുള്ള ക്രിമിനലുകളാണ് കൊല്ലപ്പെടുന്നത്. മറ്റുള്ളവരെ പോലീസ് അറസ്റ്റുചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്യാറാണ് പതിവ്. നിയമം നടപ്പിലാക്കാന്‍ ഏറ്റുമുട്ടലുകള്‍ ആവശ്യമാണെന്നും ഒ.പി സിംഗ് വ്യക്തമാക്കി.
സംസ്ഥാനത്തു നടന്നിട്ടുള്ള ഏറ്റുമുട്ടലുകള്‍ വ്യജ ഏറ്റുമുട്ടലുകള്‍ ആണെന്ന് ജുഡീഷ്യല്‍ അന്യോഷണത്തിലും മനുഷ്യാവകാശ കമ്മീഷന്റെ അന്യോഷണത്തിലും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.






