
തിരുവനന്തപുരം: ഏറെ മാനങ്ങളുള്ള ഒരു കേസില്‍ പല ഏജന്‍സികളുടെ അന്വേഷണവും കോടതിവിധികളും കഴിഞ്ഞ സംഭവത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വരുന്നതു സമാനതകളില്ലാത്ത നടപടി. പരമോന്നത നീതിപീഠത്തിനാണ് ഇത്തരമൊരു അന്വേഷണത്തിന്റെ ആവശ്യകത ബോധ്യമായതെന്നതാണ് ഐ.എസ്.ആര്.ഒ. ചാരക്കേസിനെ വീണ്ടും ശ്രദ്ധേയമാക്കുന്നത്. നമ്പി നാരായണന്റെ അറസ്റ്റില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാണു ജസ്റ്റിസ് ഡി.കെ. ജയിന് സമിതി അന്വേഷിക്കുന്നതെങ്കിലും ചാരക്കേസിനു പിന്നില്‍ നടന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു നേരേ കണ്ണടയ്ക്കാന്‍ കഴിയില്ല.
ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരുമടക്കം ഒട്ടേറെ പ്രമുഖരിലൂടെ അന്വേഷണം കടന്നുപോകേണ്ടിവരും. ഇത് കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കും. അതിനുള്ള വിത്തുകള്‍ ഇന്നലെതന്നെ വിതയ്ക്കപ്പെട്ടു. ആരോപണ പ്രത്യാരോപണങ്ങള്‍ക്കു വഴിമരുന്ന് വീണുകഴിഞ്ഞു. ന്തിയുടെ ഓഫീസിലേക്കു വരെയെത്തി ആരോപണങ്ങള്‍. രാജ്യാന്തര ഗൂഢാലോചനയെന്ന ആരോപണമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആധുനിക ബഹിരാകാശ സാങ്കേതികവിദ്യയുടെ ആണിക്കല്ലുകളിലൊന്നായ അതിശീത റോക്കറ്റ് എന്‍ജിന്റെ വികസനം അട്ടിമറിക്കാന്‍ ഇന്ത്യയിലെ ചിലരെ വിദേശശക്തികള്‍ കൂട്ടുപിടിച്ചുവെന്ന ആരോപണം ഉന്നയിക്കുന്നത് മറ്റാരുമല്ല, കേസിലെ പ്രധാന കഥാപാത്രമായ നമ്പി നാരായണനാണ്. സി.ബി.ഐയും ഐ.ബിയും പരസ്യമായി പരസ്പരം പോരടിച്ച അന്വേഷണത്തിനിടെ, രാഷ്ട്രീയപ്പോരില്‍ കണ്ണികളായ ഒരു വലിയ വിഭാഗമുണ്ട്.
കോണ്‍ഗ്രസിലെ എ വിഭാഗവും മുസ്ലിം ലീഗും സി.പി.എമ്മിലെ വി.എസ്. പക്ഷവുമെല്ലാം അതില്‍പ്പെടും. അന്ന് ഇവര്‍ വേട്ടയാടിയ രമണ്‍ ശ്രീവാസ്തവയെ സി.പി.എമ്മിലെ ഔദ്യോഗികപക്ഷം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കി. ചാരവൃത്തി സത്യമാണെന്നു വിശ്വസിക്കുന്നവരെയും അത് കെട്ടുകഥയാണെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ കോടതിവിധിയെയും വിലയിരുത്താന്‍ ജുഡീഷ്യല്‍ സമിതിക്ക് എത്രത്തോളം കഴിയുമെന്നു കണ്ടറിയണം. ചാരക്കേസ് ഇനിയും സജീവമാകുന്നത് രാജ്യത്തെ പലരുടെയും ഉറക്കം കെടുത്തും.
ആ ഉറക്കമില്ലായ്മ രാജ്യത്തിന്റെ അതിര്‍ത്തിവിട്ട് പരക്കുമെങ്കില്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിക്കു പ്രാപ്തിയുണ്ടോ എന്ന എന്ന ചോദ്യവും ഉയരുന്നുണ്ട്. ചാരക്കേസിന്റെ തുടക്കം അന്വേഷിക്കണമെന്നു ജുഡീഷ്യല്‍ സമിതി ശിപാര്‍ശ ചെയ്യുകയും സി.ബി.ഐ. അന്വേഷണത്തിനു നിര്‍ദേശിക്കുകയും ചെയ്താല്‍ കളിമാറും. സി.ബി.ഐ. അന്വേഷണം വരുമെന്ന ഉറച്ച പ്രതീക്ഷയിലാണു നമ്പി നാരായണന്. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ. ഒരുങ്ങിയാല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ഉന്നതങ്ങളിലിരുന്ന പല പ്രബലരും കുടുങ്ങും. ഇന്റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കവേ നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായ ആര്.ബി. ശ്രീകുമാര്‍ അടക്കമുള്ളവര്‍ പ്രതിക്കൂട്ടിലാകും.






