
കാന്‍സറിനെ അതിജീവിച്ച് രണ്ട് കുട്ടികളുടെ അമ്മയായതിന്റെ സന്തോഷത്തിലാണ് ലിസ റേ എന്ന നടി. 46മത്തെ വയസ്സിലാണ് ലിസ ഇരട്ടക്കുട്ടികളുടെ അമ്മയായിരിക്കുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ പരീക്ഷണഘട്ടങ്ങളിലൂടെയാണ് ലിസ അമ്മയായത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ലിസ രണ്ടു കുട്ടികളുടെ അമ്മയായത്. മിടുക്കന്മാരായ രണ്ട് ആണ്കുട്ടിള്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ലിസ റേ അമ്മയായ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്. സൂഫി, സൊളെയ്ല് എന്നാണ് കുഞ്ഞുങ്ങള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്.
2012ല്‍ ആയിരുന്നു ലിസയുടെ വിവാഹം. കാന്‍സര്‍ ബാധിച്ചതു മൂലമാണ് സ്വാഭാവിക രീതിയില്‍ ഗര്‍ഭിണിയാകാന്‍ ലിസയ്ക്കു കഴിയാതെ വന്നത്. 2009ലാണ് രക്താര്‍ബുദം ലിസയില്‍ കണ്ടെത്തുന്നത്. ഇന്ത്യയില്‍ വെച്ചു വാടക ഗര്‍ഭധാരണ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യത്തെ പദ്ധതി. പക്ഷേ, ഒരു ഡോക്ടറെ കണ്ടെത്തി പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഒരാഴ്ച മുമ്പ് ഇന്ത്യ വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗര്‍ഭധാരണം നിയമം മൂലം നിരോധിച്ചു. ''എന്റെ ജീവിതത്തിലെ മിക്ക കാര്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത രീതിയിലല്ല സംഭവിച്ചിട്ടുള്ളത്. ജേസനെ വിവാഹം കഴിച്ചതിനുശേഷമാണ് എന്നില്‍ വീണ്ടും പ്രതീക്ഷകള്‍ മുളച്ചതും അമ്മയാകാന്‍ ഞാന്‍ ആഗ്രഹിച്ചതും. പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടു വരിക. അതു നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ചെവിയില്‍ ഒരുകാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ഭാവി എന്നാല്‍ പെണ്‍കുട്ടികളാണ് '' ലിസ പറയുന്നു.
'വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടികളുണ്ടാകുന്നതിനെക്കുറിച്ച് അബദ്ധധാരണകള്‍ ഏറെയുണ്ട്. അന്ധവിശ്വാസങ്ങളും. അവ ഇല്ലാതാക്കാനാണ് ഞാനിപ്പോള്‍ ഈ വാര്‍ത്ത നിങ്ങളോടു പങ്കുവയ്ക്കുന്നത്' 46 വയസ്സുകാരിയായ നടി പറയുന്നു. കുട്ടികളില്ലാത്തതിന്റെ പേരില്‍ ദുഃഖം അനുഭവിക്കുന്ന ലക്ഷക്കണക്കിനുപേര്‍ക്ക് ഞങ്ങളുടെ വാര്‍ത്ത തുണയാകും. വെല്ലുവിളികളും അദ്ഭുതങ്ങളും നിറഞ്ഞതാണു ജീവിതം. ഇപ്പോഴിതാ രണ്ട് അദ്ഭുതക്കുട്ടികള്‍ എന്റെ ജീവിതത്തിലേക്കു കടന്നുവന്നിരിക്കുന്നു'. കാന്‍സറിനെ അതിജീവിച്ച ലിസ ഇപ്പോള്‍ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്ന അദ്ഭുതത്തിന് ഏറ്റവും കൂടുതല്‍ നന്ദി പറയുന്നത് എന്നും പതറാതെ കൂടെ നിന്ന പങ്കാളിയോടാണ്. പിന്നെ അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടും.






