
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇപ്പോള്‍ ആളുകള്‍ ചുഴലിക്കാറ്റിനെയും പ്രളയത്തെയും അതിജീവിക്കുകയാണ്. ആയിരങ്ങളാണ് അഭയകേന്ദ്രത്തിലേക്കു മാറിയത്. അപകട മുന്നറിയിപ്പു നല്കിയ ഇടങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ഇതിനിടയില്‍ ഒരു പ്രേതകഥയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് സാധാരണ പ്രേതമല്ല ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുതരുന്ന ഗ്രേമാന്‍ എന്ന പ്രേതമാണ്. ഗ്രേമാന്റെ പ്രേതത്തിന്റേത് എന്ന പേരില്‍ വിഡിയോയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
അധികമാകും ഗ്രേമാനെ കണ്ടിട്ടില്ല. 1822-ലാണ് ആദ്യമായി ഗ്രേമാനെ കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുട്ടില്‍ ഗ്രേ നിറത്തില്‍, മണലില്‍ നിന്നെഴുന്നേറ്റു നടക്കും പോലൊരു രൂപമാണതെന്നാണു പറയപ്പെടുന്നത്. 1954ല്‍ ഹസെല്‍ ചുഴലിക്കാറ്റിനും 1989ല്‍ ഹ്യൂഗോ ചുഴലിക്കാറ്റിനും മുന്‍പേ ഗ്രേമാന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണു മറ്റൊരു കഥ. ഇത്തവണ ഫ്ളോറന്‍സ് കൊടുങ്കാറ്റിനു മുന്നോടിയായും ഗ്രേമാന്‍ വന്നതായാണു പറയപ്പെടുന്നത്. അതിനുള്ള തെളിവുമായി 'ഗോസ്റ്റ് ഗയ്സ് ഗോ' എന്ന യൂട്യൂബ് ചാനലില്‍ വിഡിയോയും പ്രത്യക്ഷപ്പെട്ടു.
കാറ്റിലും മഴയിലും കനത്ത തിരയിലും ആടിയുലയുന്ന ഒരു കടല്‍പ്പാലത്തിലൂടെ ഗ്രേമാന്‍ നടക്കുന്നതായിരുന്നു വിഡിയോ. സൂക്ഷിച്ചു നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ കാണാം രൂപം പാലത്തിലൂടെ നടക്കുന്നത്. മനുഷ്യന്റെ ആകൃതിയുമായിരുന്നു അതിന്. വിഡിയോ തട്ടിപ്പാണെന്നു പറഞ്ഞു പലരും രംഗത്തെത്തിയിട്ടുണ്ട്. അതോടെ, എവിടെ നിന്നാണ് വിഡിയോ ലഭിച്ചത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈയാഴ്ച തന്നെ പുറത്തുവിടുമെന്ന് 'ഗോസ്റ്റ് ഗയ്സ് ഗോ' ചാനലും അറിയിച്ചിട്ടുണ്ട്.
കാറ്റും പേമാരിയും എത്തും മുന്‍പ് ഗ്രേമാന്‍ വിവരമറിയിക്കുമെന്നാണ് സൗത്ത് കാരലൈനയിലെ ചിലര്‍ വിശ്വസിക്കുന്നത്. അതിന് ഇവര്‍ ഒരു കഥ പറയുന്നുണ്ട്. വളരെ പണ്ട് ഒരു നാവികന് തന്റെ കാമുകിയെ കാണാന്‍ പോവുകയായിരുന്നു. അവളോട് തന്റെ ഇഷ്ടം തുറന്നു പറയാനാണു യാത്ര. ആ നേരം കൊടുങ്കാറ്റ് ആഞ്ഞു വീശിത്തുടങ്ങിയിരിക്കുന്നു. അത് ദ്വീപിലെത്തും മുന്‍പേ അവളോടുള്ള ഇഷ്ടം അറിയിക്കാന്‍ കുതിരപ്പുറത്തു പാഞ്ഞു പോയിക്കൊണ്ടിരിക്കുകയായിരുന്നു നായകന്. ദൂരെ നിന്നുതന്നെ പെണ്‍കുട്ടി ആ ചെറുപ്പക്കാരനെ കണ്ടു. പക്ഷേ അപ്പോഴേക്കും കടലും കാറ്റും കലിതുള്ളിക്കഴിഞ്ഞിരുന്നു. കൊടുങ്കാറ്റില്‍പ്പെട്ട് കുതിരപ്പുറത്തു നിന്ന് ചെറുപ്പക്കാരന് തെറിച്ചു വീണു. കടല്‍ത്തീരത്തെ ഒരു മണല്‍ച്ചതുപ്പിലേക്കായിരുന്നു ആ വീഴ്ച. വീണാലുടന്‍ മണലിനടിയിലേക്കു വലിച്ചു കൊണ്ടുപോകുന്ന തരം ചതുപ്പായിരുന്നു അത്. അപകടം കണ്ട് വാവിട്ടുകരഞ്ഞ പെണ്‍കുട്ടി കൊടുങ്കാറ്റിന്റെ ഭീകരതയും അങ്ങനെയാണു തിരിച്ചറിഞ്ഞത്.
എത്രയും പെട്ടെന്നു വീട്ടിലേക്ക് ഓടിയെത്തിയ അവള് വീട്ടുകാരെയും കൂട്ടി സുരക്ഷിതസ്ഥാനത്തേക്കു മാറി. കൊടുങ്കാറ്റെല്ലാം അടങ്ങി തിരികെയെത്തിയപ്പോള്‍ കണ്ടതാകട്ടെ അദ്ഭുതപ്പെടുത്തുന്ന കാഴ്ചയും. അവര്‍ താമസിക്കുന്ന ദ്വീപില്‍ സകലതും കൊടുങ്കാറ്റില്‍പ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ വീടിനു മാത്രം യാതൊരു കുഴപ്പവുമില്ല. ആ വിശ്വാസം സൗത്ത് കാരലൈനയിലുള്ളവര്‍ക്ക് ഇപ്പോഴുമുണ്ട്. ഗ്രേമാനെ കണ്ടു കഴിഞ്ഞാല്‍ തങ്ങളുടെ വീടിനു കൊടുങ്കാറ്റില്‍ യാതൊന്നും സംഭവിക്കില്ലെന്ന വിശ്വാസം. ഇപ്പോഴും ഗ്രേമാന്‍ തന്റെ പ്രിയപ്പെട്ട പെണ്‍കുട്ടിയോട് ഇഷ്ടം പറയാന്‍ പൗലീ ദ്വീപിലേക്ക് വരാറുണ്ടെന്നാണു പ്രേതവിശ്വാസികള്‍ കരുതുന്നത്.






