
അമരാവതി: പോലീസിനെ മനോവീര്യത്തെ തകര്‍ക്കുന്ന രീതിയില്‍ സംസാരിക്കുന്ന ജനപ്രതിനിധികളുടെ നാവരിയുമെന്ന് പരസ്യ ഭീഷണിയുമായി ആന്ധ്രാ പ്രദേശ് പോലീസ് ഇന്‍സ്പെക്ടര്‍. ആനന്ദപുരം ജില്ലയിലെ കാദിരി പോലീസ് ഇന്‍സ്പെക്ടറായ മാധവ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ ഭീഷണി ഉയര്‍ത്തിയത്. ടി.ഡി എം.പി ജെ.സി ദിവാകര്‍ റെഡ്ഡിക്കുള്ള മറുപടിയായിട്ടാണ് ഇന്‍സ്പെക്ടര്‍ വെല്ലുവിളി ഉയര്‍ത്തിയത്.
'ഞങ്ങള്‍ ഏറെ നാള് സംയമനം പാലിച്ചു. മേലില്‍ ആരെങ്കില്ലും പോലീസിനെതിരായി അതിരു കടന്ന് സംസാരിച്ചാല്‍ ഞങ്ങള്‍ സഹിക്കില്ല. ഞങ്ങളവരുടെ നാവുകള്‍ അരിയും. സൂക്ഷിച്ചോ..' വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മാധവ് ജനപ്രനിധികള്‍ക്ക് താക്കീത് നല്‍കിയത്. ഇതിനുള്ള മറുപടിയായി എം.പി ജെ.സി ദിവാകര്‍ റെഡ്ഡി തന്റെ നാവ് അരിയാന്‍ മാധവിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ എം.പി പരാതിയും നല്‍കിയിട്ടുണ്ട്.
എന്നാല്‍ മാധവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിയമോപദേശം തേടുന്നതായി പരാതി എസ്.പിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ ജില്ലയില്‍ നടന്ന ലഹളയുടെ പശ്ചാത്തലത്തിലാണ് എം.പി ദിവാകര്‍ റെഡ്ഡി പോലീസിനെതിരെ വലിയ വിമര്‍ശനം നടത്തിയിരുന്നു. ലഹള നിയന്ത്രിക്കാന്‍ ശ്രമിക്കാതെ പോലീസ് ആണത്തമില്ലാത്തവരെ പോലെ തടിതപ്പിയെന്നായിരുന്നു എം.പിയുടെ ആരോപണം. എം.പിയുടെ പരാമര്‍ശത്തില്‍ പോലീസിനുള്ളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
രാഷ്ട്രീയ നേതാക്കന്മാരും എം.എല്‍.എമാരും എം.പിമാരും നടത്തുന്ന പ്രസ്താവനകള്‍ മൂലം ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ പോലും തലയുയര്‍ത്തി നില്ക്കാന് പറ്റാത്ത അവസ്ഥയിലാണ് പോലീസെന്നും മാധവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.






