
ഇസ്ലാമാബാദ്: യുദ്ധത്തിന് തയ്യാറാണെന്നും എന്നാല്‍ ജനങ്ങളുടെ താല്പര്യം കണക്കിലെടുത്ത് സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാക്കിസ്ഥാന്. ഇന്ത്യന്‍ സൈനികര്‍ക്കുനേരെയുള്ള ഭീകരരുടെയും പാക്ക് സൈനികരുടെയും കാടത്തം അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍.
പാക്കിസ്ഥാന് അതേ നാണയത്തില്‍ മറുപടി കൊടുക്കണമെന്നും നമ്മള് അനുഭവിച്ച അതേ വേദന അവരും അനുഭവിക്കണമെന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞത്. ജമ്മൂ കാശ്മീരില്‍ ഒരു ബിഎസ്എഫ് ജവാനെ വെടിവെച്ച്, കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
'ഭീതരവാദത്തിനെതിരെ വര്‍ഷങ്ങളായി പാക്കിസ്ഥാന് പോരാടുന്നുണ്ട്. സമാധാനത്തിന്റെ വില എന്താണെന്ന് ഞങ്ങള്‍ക്ക് നന്നായിട്ട് അറിയാം. സമാധാനം ആഗ്രഹിക്കുന്നതിനെ പാക്കിസ്ഥാന്റെ കഴിവുകേടായി തെറ്റിദ്ധരിക്കരുത്. യുദ്ധത്തിന് തയ്യാറല്ലെങ്കില്‍ അടിച്ചേല്‍പ്പിക്കരുത്. ഞങ്ങള്‍ ന്യൂക്ലിയര്‍ രാഷ്ട്രമാണെങ്കിലും അങ്ങനെ വന്നാല്‍ യുദ്ധത്തിന് തയ്യാറാവും'. -ആസിഫ് ഒരു മാധ്യമത്തോട് അഭിമുഖ്യത്തില്‍ പറഞ്ഞു.
'ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന് സൈന്യം കഴുത്തറുത്ത് കൊന്നെന്ന ഇന്ത്യയുടെ വാദത്തെ അദ്ദേഹം നിഷേധിച്ചു. ഞങ്ങള്‍ പ്രൊഫഷണല്‍ ആര്‍മിയാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യില്ല. കഴിഞ്ഞ രണ്ടു ദശാബ്ദ കാലമായി സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. ഒരു സൈനികനോടു അനാദരവ് കാണിക്കില്ല. കൊല്ലപ്പെടുന്ന ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമായി കാണപ്പെടുമ്പോഴൊക്കെ ആ കുറ്റം പാക്കിസ്ഥാനു മേലാണ് ഇന്ത്യ ചുമത്തുന്നത്' ആസിഫ വ്യക്തമാക്കി.
ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം ആരോപണങ്ങള്‍ പാക്കിസ്ഥാനുമേല്‍ ഇന്ത്യ ചുമത്തുന്നതെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരി കുറ്റപ്പെടുത്തി. അഴിമതി ആരോപണങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിക്കുട്ടിലാണ്. ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇന്ത്യന്‍ ആര്‍മി യുദ്ധത്തെക്കുറിച്ചുള്ള പ്രസ്ഥാവനകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്താന്‍ താനൊരു ബിജെപി നേതാവല്ലെന്ന് ഇന്ത്യന്‍ ആര്‍മി മേധാവി മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം ആഗ്രഹിക്കുന്നവരെയും സമാധാനം ആഗ്രഹിക്കുന്നവരെയും ലോകത്തിന് അറിയാം. സമാധാനത്തെ ഇഷ്ടപ്പെടുന്ന രാജ്യമായ പാക്കിസ്ഥാന് ഇന്ത്യയുമായും സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്ന് ചൗധരി പറഞ്ഞു.






