
പനാജി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മന്ത്രി ഫ്രാന്‍സിസ് ഡിസൂസ തന്റെ രാജി വിവരം അറിഞ്ഞില്ലെന്ന പ്രതികരണവുമായി രംഗത്തെത്തീരിക്കുകയാണ്. സ്ട്രോക്കിനെ തുടര്‍ന്ന ദീര്‍ഘകാലമായി അമേരിക്കയില്‍ ചികിത്സയിലാണ് ഫ്രാന്‍സിസ് ഡിസൂസ. ഇരുപതു വര്‍ഷമായി താന്‍ ബിജെപിയുടെ ഒപ്പമാണ്. പാര്‍ട്ടിയില്‍ നിന്നും ഇത്തരം ഒരു നീക്കം താന്‍ പ്രതീക്ഷിച്ചില്ലെന്ന് അമേരിക്കയിലെ ആശുപത്രിയില്‍ നിന്നും ഫ്രാന്‍സിസ് ഡിസൂസ പറഞ്ഞു. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീക്കറാണ് നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യൂതി മന്ത്രി പണ്ടുറാംഗ് മദിക്കര് എന്നിവരുടെ രാജി സ്വീകരിച്ചിരിക്കുന്നത്.
പാര്‍ട്ടിയില്‍ ഇരുപത് വര്‍ഷമായി വിധേയത്വമുള്ളതിന്റെ പ്രതിഫലമായി തനിക്ക് ലഭിച്ചത് ഇതാണെന്ന് സംസാരിച്ചിരുന്നു. പക്ഷേ ഇതു സംബന്ധിച്ച സൂചനയൊന്നും ലഭിച്ചിട്ടില്ല. എന്തു കൊണ്ടാണ് തന്നെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതെന്ന് അറിയുന്നതിന് മുഖ്യമന്ത്രിയെ താന്‍ വിളിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ ഉന്നതതല തീരുമാനമാണ് തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയെന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതോടെ രാജി വിവാദത്തില്‍ ബിജെപി വെട്ടിലായിരിക്കുകയാണ്.
നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസയ്ക്കു പുറമെ വൈദ്യൂതിമന്ത്രി പണ്ടുറാംഗ് മദിക്കര് രാജിവെച്ചതായി മുഖ്യമന്ത്രിയുടെ ഒഫീസ് അറിയിച്ചിരുന്നു. ഇവര്‍ക്ക് പകരം നൈലേഷ് കാബ്രോല് മിലിന്ദ് നായിക്ക് എന്നിവര്‍ തിങ്കളാഴ്ച്ച പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.






