
ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ പരാതി നല്കിയ കന്യാസ്ത്രീയെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ നിര്ബന്ധിതനായെന്നതു സംബന്ധിച്ച് പോലീസില്‍ മൊഴി നല്കിയ ബിഹാര്‍ സ്വദേശി മിന്റുവിനെ കാണ്മാനില്ല. കന്യാസ്ത്രീയെ കൊല്ലാനുള്ള ക്വട്ടേഷന്‍ ബിഷപ്പ് ഫ്രാങ്കോയുടെ അനുയായി തോമസ് ചിറ്റുപറമ്പന് നല്‍കിയെന്ന് പോലീസില്‍ മൊഴി നല്കിയ ആളാണ് മിന്റു.
ഇതിനിടെ, മിന്റുവിനെ കാന്മാനില്ല എന്നതു സംബന്ധിച്ച കേസ് കുറവിലങ്ങാട് പോലീസ് അന്വേഷിക്കാതെ മാറ്റിവെച്ചിരിക്കുന്നത് സംശയത്തിന് ഇടയാക്കുകയാണ്. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെ പണിക്കാരനായിരുന്നു മിന്റു. പള്ളിയിലേയ്ക്ക് പോകാന്‍ കന്യാസ്ത്രീ ഉപയോഗിക്കുന്ന ആക്ടീവയുടെ വീല്‍ ട്യൂബ് അഴിച്ച് മാറ്റണം എന്നായിരുന്നു തോമസ് ആവശ്യപ്പെട്ടതെന്ന് മിന്റു മൊഴി നല്‍കിയിട്ടുണ്ട്.
മഠത്തില്‍ നിന്നു ഇറങ്ങുന്നത് കുത്തനെയുള്ള ഒരു ഇറക്കത്തിലേയ്ക്കാണെന്നും ബ്രേക്കില്ലാത്ത വാഹനം ഇവിടെ വച്ച് അപകടത്തിയാകും എന്നായിരുന്നു കണക്കുകൂട്ടല്‍ എന്നുമാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. കന്യാസ്ത്രീയും അനുകൂലിക്കുന്ന കന്യാസ്ത്രീകളും പുറത്തേയ്ക്ക് പോകുന്നത് ഏത് വാഹനത്തിലാണെന്ന വിവരങ്ങള്‍ വിളിച്ച് അറിയിക്കണമെന്നും തോമസ് തന്നെ ചട്ടം കെട്ടിയിരുന്നു. മഠത്തിന് പോലീസ് കാവല്‍ ഉണ്ടാകുന്നതു വരെ നേരിട്ട് എത്തി ബ്രേക്ക് പൊട്ടിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. അവസാനം വന്നപ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്തു കൊടുത്തു. അതിനു ശേഷം ഫോണിലേയ്ക്ക് നിരന്തരം വിളിച്ച് വധിക്കാന്‍ നിര്ദേശിച്ചുകൊണ്ടിരുന്നുവെന്നും മിന്റു കുറവിലങ്ങാട് പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു. അതേസമയം, ബിഷപ്പ് അറസ്റ്റിലായതിനു ശേഷം കുറവിലങ്ങാട് പോലീസില്‍ ബന്ധപ്പെടുമ്പോള്‍ മിന്റു നാട്ടിലേയ്ക്ക് പോയി എന്ന മറുപടിയാണ് ലഭിക്കുന്നത്.






