
അസ്താന: കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക പീഡനക്കേസുകളില്‍ പ്രതികളുടെ ലൈംഗികശേഷി ഇല്ലാതാക്കാന്‍ കസക്കിസ്ഥാന്‍. രാജ്യത്ത് ബാല ബലാത്സംഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരേ കടുത്ത നടപടി കൈക്കൊള്ളുക എന്ന നിലയ്ക്ക് ലൈംഗികശേഷി മരുന്ന് കുത്തിവെച്ച് ഇല്ലാതാക്കാനാണ് കസക്ക് അധികൃതര്‍ ആലോചിക്കുന്നത്. ഈ വര്‍ഷം 2000 കുത്തി വെയ്പുകള്‍ നടത്തും.
രാജ്യത്ത് ഇത്തരം കേസുകളിൽ പ്രതികളായവരെ നിർബന്ധിത ഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള നടപടികളുടെ ഭാഗമായി 2000 കുത്തിവെപ്പിനു 37,200 ഓസ്ട്രേലിയൻ ഡോളറാ (ഏകദേശം 19 ലക്ഷം രൂപ)ണ് കസാഖ്സ്താൻ അനുവദിച്ചത്. ഇതിനായി പണം ചെലവഴിക്കാന്‍ പ്രസിഡൻറ് നൂർസുൽത്താൻ നസർബയേവ് അംഗീകാരം നൽകി. കാന്‍സര്‍ പോരാട്ടത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ക്രിപ്റ്റോടെറോണ്‍ എന്ന മരുന്നാണ് ഇക്കാര്യത്തിനായി ഉപയോഗിക്കുന്നത്. അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനാലാണ് ശസ്ത്രക്രിയ നടത്തിയുള്ളതിന് പകരം മരുന്നു കുത്തിവെച്ചുള്ള ഷണ്ഡീകരണത്തെക്കുറിച്ച് കസക്കിസ്ഥാന്‍ ഭരണകൂടം ചിന്തിച്ചത്.
നിലവിലെ കോടതിയുത്തരവ് പ്രകാരം നിർബന്ധിത ഷണ്ഡീകരണം നടപ്പാക്കാനുള്ള ഒരു കേസാണുള്ളത്. 2016 ഏപ്രിലിൽ ബാലലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ തുർകിസ്താൻ മേഖലയിൽനിന്നുള്ളയാളെയാണ് ആദ്യം ഇതിന് വിധേയനാക്കുക. കസാഖ്സ്താൻ ആരോഗ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇയാൾക്ക് കുത്തിവെപ്പ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ബാലലൈംഗികക്കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖ്സ്താൻ ഈ വർഷമാദ്യം പാസാക്കിയിരുന്നു. മരുന്നുപയോഗിക്കുന്നതിലൂടെ അവയവങ്ങള്‍ നീക്കം ചെയ്യാതെ തന്നെ ലൈംഗികതൃഷ്ണയെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് കസക്ക് അധികൃതര്‍ കരുതുന്നത്. ബാലലൈംഗിക പീഡനക്കേസുകളിൽ 20 വർഷംവരെ തടവുശിക്ഷയാണ് കസാഖ്സ്താൻ സാധാരണ നല്കി വരുന്നത്. എന്നാല്‍ അതുകൊണ്ട് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ കഴിയുന്നില്ലെന്ന സ്ഥിതിയിലാണ് കടുത്ത നീക്കം. ബാലബലാത്സംഗം വലിയ പ്രശ്നമായി മാറിയിരിക്കുന്ന കസക്കിസ്ഥാനില്‍ 2010 നും 2014 നും ഇടയില്‍ 1,000 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, ഓസ്ട്രേലിയ ഏതാനും ചില അമേരിക്കന്‍ സ്റ്റേറ്റുകള്‍ എന്നിങ്ങനെ രാസപദാര്‍ത്ഥങ്ങള്‍ ഷണ്ഡീകരണത്തിന് ഉപയോഗിക്കുന്ന അനേകം രാജ്യങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം 14 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട വന്‍ വാര്‍ത്ത സൃഷ്ടിച്ച സംഭവത്തിന് പിന്നാലെ ബാല പീഡകരെ ഷണ്ഡീകരിക്കുന്നത് ഇന്തോനേഷ്യയില്‍ അംഗീകരിക്കപ്പെട്ടിരുന്നു. 1952 ല്‍ സ്വവര്‍ഗ്ഗരതിയുടെ പേരില്‍ അലന് ടേണിംഗ് എന്നയാളെ മരുന്നുപയോഗിച്ച് ഷണ്ഡീകരിച്ചതാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്ത ചരിത്ര സംഭവങ്ങളിലൊന്ന്. അതേസമയം ഇതു കൊണ്ടൊന്നും ഭാവിയിലെ ലൈംഗികാതിക്രമങ്ങള്‍ തടയാനാകില്ലെന്നാണ് വിമര്‍ശകരുടെ വാദം.






