
എല്‍ സാല്‍വദോര്‍ എന്ന പേരു കേട്ടാല്‍ തന്നെ ലോകം ഞെട്ടും. ജീന്‍സും ടീ ഷര്‍ട്ടും അണിഞ്ഞ്, ശരീരമാസകലം പച്ചകുത്തി, കൈയില്‍ തോക്കും കഠാരയുമായി, ലഹരിമയക്കത്തില്‍ കറുത്ത തെരുവുകള്‍ വാഴുന്ന യുവാക്കളുടെ സംഘം. ആഗോള അധോലോക തലസ്ഥാനമാണ് എല്‍. സാല്‍വദോര്‍. കൊല്ലിനും കൊലയ്ക്കും മയക്കുമരുന്നിനും വ്യഭിചാരത്തിനും ഏറ്റുമുട്ടലുകള്‍ക്കും കുപ്രസിദ്ധി നേടിയ രാജ്യം. ചോരയൊഴുകുന്ന തെരുവുകള്‍. ഇവിടെ നടന്ന കൊലപാതകങ്ങള്‍ കണക്കുകള്‍ക്കു പോലും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ല.
എം.എസ്. 13, എയ്റ്റീന്ന്ത് സ്ട്രീറ്റ്, ബാരിയോ 18എല്‍ സാല്‍വദോര്‍ അടക്കിവാഴുന്ന അധോലോക സംഘങ്ങളുടെ പേരുകളാണ്. ഈ സംഘങ്ങളിലെല്ലാമായി ഏതാണ്ട് 70,000ത്തിലധികം അധോലോക സംഘാംഗങ്ങളുണ്ട് രാജ്യത്ത്. എന്നാല്‍ ഇന്ന് എല്‍ സാല്‍വദോര്‍ ആത്മീയവഴിയിലാണ്. അധോലോക സംഘാംഗങ്ങളില്‍ പലരും കൊല്ലും കൊലയും ഉപേക്ഷിച്ച് സമാധാന ജീവിതം നയിക്കുകയാണ്. പോലീസിനെയും പട്ടാളത്തെയും ഭയന്ന് വീടും നാടും വിട്ടവര്‍ തിരിച്ചു വന്നു തുടങ്ങിയിരിക്കുന്നു. രാജ്യത്തെ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. പലരും കുടുംബ ജീവിതം തിരിച്ചു പിടിച്ചു. കുത്തഴിഞ്ഞ അധോലോക ജീവിതത്തില്‍ നിന്ന് മുക്തമാകാന്‍ ആത്മീയത തന്നെയാണ് പ്രധാന മാര്‍ഗമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് എല്‍ സാല്‍വദോറിലെ കുറ്റവാളികള്‍.
പേരുകേട്ടാല്‍ തന്നെ നാട്ടുകാര്‍ വിറച്ചു പോയിരുന്ന പല വമ്പന്മാരും തോക്കും കഠാരയും തെരുവോരത്തെ വലിച്ചെറിഞ്ഞിരിക്കുകയാണ്. ഇവര്‍ ശാന്തിയുടെ വഴിയിലാണ്. നേരിട്ടു കണ്ടാല്‍ തോക്കെടുത്തു വെടിവെച്ചിരുന്ന എതിരാളികള്‍ ഒരേ പള്ളിമുറിയില്‍ ഒന്നിച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ സംഘാംഗങ്ങളെ നേരിന്റെ വഴിയിലേക്ക് തെളിച്ചു കൊണ്ടു വരുന്നു. പശ്ചാത്താപത്തിനായി മനമുരുകിയുള്ള പ്രാര്‍ത്ഥന. 2009ല്‍ എല്‍ സാല്‍വദോര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കൊടുംകുറ്റവാളി നില്‍സണ്‍ ബോണിലയാണ് തടവറകളില്‍ മാറ്റത്തിന്റെ വഴിയൊരുക്കിയത്. ഭാര്യ അയച്ചുകൊടുത്ത ഒരു സന്ദേശമാണ് നില്സണിനു മാനസാന്തരമുണ്ടാക്കിയത്. മെല്ലെ ജയിലിലുള്ള കൊലയാളികളും മയക്കുമരുന്നു കച്ചവടക്കാരും അടക്കം നിരവധി തടവുകാര്‍ പൂര്‍വജീവിതം അവസാനിപ്പിച്ച് ശാന്തിവഴിയില് എത്തി.






