ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 53 മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി മോഷ്ടിച്ച ജീവനക്കാരെ പോലീസ് പിടികൂടി. ഗോ എയര്‍ വിമാന കമ്പനിയിലെ ജീവനക്കാരെയാണ് പോലീസ് പിടികൂടിയത്. സീനിയര്‍ റാംപ് ഓഫീസര്‍മാരായ സചിന് മാനവ്(30), സതീഷ് പാല്(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാര്‍ഗോ വിഭാഗത്തില്‍ പെട്ടികള്‍ ഇറക്കുന്ന ജോലിയായിരുന്നു ഇവര്‍ക്ക്.
മോഷ്ടിച്ച ഫോണുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് പോലീസിന് ജീവനക്കാരെ പിടികൂടാനായത്. കാര്‍ഗോ വിഭാഗത്തില്‍ പെട്ടികള്‍ ഇറക്കുന്ന ജോലിക്കിടെ ഇവര്‍ മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി കണ്‍വെയര്‍ ബെല്റ്റിലിട്ട ശേഷം യാത്രക്കാരെ പോലെ അറൈവല്‍ ടെര്‍മിനലിലെത്തി ബാഗെടുത്ത് പുറത്തേക്ക് പോവുകയാണ് ഇവര്‍ ചെയ്തത്. ഇവര്‍ കുറ്റം സ്മ്മതിക്കുകയും ചെയ്തിട്ടുണ്ട്.
മൊബൈലുകള്‍ അടങ്ങിയ പെട്ടി കാണാതായതോടെയാണ് കാര്‍ഗോ കമ്പനി മാനേജര്‍ പോലീസില്‍ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 19നാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പോലീസിന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുര്‍ന്ന് മൊബൈല്‍ ഫോണ്‍ ട്രാക്കിങ്ങ് സിസ്റ്റം ഉപയോഗിച്ചാണഅ പ്രതികള്‍ വിമാന കമ്പനി ജീവനക്കാരാണെന്ന് പോലീസ് കണ്ടെത്തിയത്. പ്രതികളുടെ വീട്ടില്‍ നിന്നും പോലീസ് എട്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. മോഷ്ടിച്ച ഫോണുകളില്‍ അഞ്ച് എണ്ണം വിറ്റതായി പ്രതികള്‍ കുറ്റസമ്മതം നടത്തി.






