
രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തിളങ്ങിയത് രവീന്ദ്ര ജഡേജയായിരുന്നു. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ താരം ഓള്‍റൗണ്ട് പ്രകടനം കാഴ്ച വെച്ചു. ഇതിനിടെ വിന്‍ഡീസ് ബാറ്റ്സ്മാന് ഹെറ്റ്മെറിനെ റണ്ണൗട്ട് ആക്കിയ ജഡേജയുടെ തമാശ നായകന് വിരാട് കോഹ്ലിക്ക് അത്ര രസിച്ചില്ല. ജഡേജ തന്നെ അക്കാര്യം വ്യക്തമാക്കി. ആ പന്ത് വിക്കറ്റില്‍ കൊണ്ടില്ലായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ലെന്നും ഭാഗ്യത്തിന് അത് വിക്കറ്റില്‍ കൊണ്ടുവെന്നും രണ്ടാം ദിവസത്തെ കളിക്കുശേഷം ജഡേജ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിലെത്തി ഒമ്പതുവര്‍ഷത്തിനുശേഷം ആദ്യ ടെസ്റ്റ് സെഞ്ചുറി നേടാനായത് ശരിക്കും സ്പെഷ്യലാണ്. മുമ്പ് പലപ്പോഴും 70, 80 റണ്സിലെത്തിയപ്പോഴൊക്കെ സെഞ്ചുറിയെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ ഞാന്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് പുറത്തായി. ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാനാവുമെന്ന് എനിക്ക് ആത്മവിശ്വസമുണ്ടായിരുന്നു. ഇന്ന് ഞാനത് നേടുമെന്ന് തന്നോട് തന്നെ പറഞ്ഞിരുവെന്നും ജഡേജ പറഞ്ഞു.
— Kabali of Cricket (@KabaliOf) October 5, 2018
വിന്‍ഡീസ് ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു ജഡേജ നേടിയ റണ്ണൗട്ട്. മിഡ് വിക്കറ്റിലേക്ക് പന്ത് തട്ടിയിട്ട ഹെറ്റ്മെര്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുള്ള സുനില്‍ ആംബ്രിസിനെ റണ്ണിനായി വിളിച്ചു. എന്നാല്‍ പന്ത് ജഡേജയ്ക്ക് കിട്ടി. ഇതിനിടെ ബാറ്റ്സ്മാന്മാരുടെ ആശയ്കുഴപ്പത്തെ തുടര്‍ന്ന് ഹെറ്റ്മെറും ആംബ്രിസും ഒരേസമയം ബാറ്റിംഗ് ക്രീസില്‍. റണ്ണൗട്ടാക്കാനായി മിഡ് വിക്കറ്റില്‍ നിന്ന് വിക്കറ്റിനടുത്തേക്ക് ജഡേജ ഓടിയെത്തുന്നതിനിടെ ഹെറ്റ്മെര്‍ വീണ്ടും തിരിച്ച് ഓടി.
ഹെറ്റ്മെറിനെ കളിയാക്കി വളരെ പതുക്കെ ക്രീസിനടുത്തെത്തിയ ജഡേജ ക്രീസിന് തൊട്ടടുത്തുവെച്ച് പന്ത് വിക്കറ്റിലേക്ക് എറിഞ്ഞു. ഹിറ്റ്മെര്‍ റണ്ണൗട്ടാവുകയും ചെയ്തു. എന്നാല്‍ ഇത് പന്തെറിഞ്ഞ അശ്വിനും നായകന് കോഹ്ലിക്കും അത്ര രസിച്ചിരുന്നില്ലെന്ന് വ്യക്തമാണ്.






