കൊച്ചി: എറണാകുളം ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനില്‍നിന്ന് എറണാകുളം ജങ്ങ്ഷനിലേക്ക് റെയില്‍വേ തുടങ്ങിയ ഡെമു സര്‍വീസിന് വന്‍ വരവേല്‍പ്പായിരുന്നു റെയില്‍വേയും യാത്രക്കാരും നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസം സര്‍വീസ് നടത്തുന്നുവെന്ന് പറഞ്ഞാണ് ഡെമുവിന്റെ സര്‍വീസ് ആരംഭിച്ചത്. എന്നാല്‍, പറഞ്ഞതുപോലെ ഒരു മാസംപോലും സര്‍വീസ് നടത്താന്‍ ഡെമുവിനായില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വെണ്ടുരുത്തി പാലം കടന്ന ഡെമുവിന്റെ ആയുസ്സ് വെറും 11 ദിവസം മാത്രമായി. തിങ്കളാഴ്ച മുതല്‍ ഈ പാതയില്‍ ഡെമു സര്‍വീസ് ഉണ്ടാവില്ല.
രാവിലെയും വൈകിട്ടുമായി നാലു സര്‍വീസ് വീതമാണ് നടത്തിയിരുന്നത്. സെപ്റ്റംബര്‍ 26നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹാര്‍ബര്‍ ടെര്മിനസില് നിന്ന് എറണാകുളത്തേക്കുള്ള ഡെമു സര്‍വീസ് തുടങ്ങിയത്. കാര്യമായ ടിക്കറ്റ് വരുമാനം ലഭിക്കാത്തതാണ് ഡെമു നിര്‍ത്തലാക്കുന്നതിന് റെയില്‍വേ കാരണം പറയുന്നത്. ടിക്കറ്റ് വരുമാനമായി ദിവസവും അഞ്ഞൂറ് രൂപയില്‍ താഴെ മാത്രമാണ് ലഭിച്ചതെന്ന് റെയില്‍വേ പറയുന്നു. എന്നാല്‍, ഇന്ധനച്ചെലവ്, പരിപാലനച്ചെലവ് എന്നിവയ്ക്ക് പുറമേ മുപ്പതിനായിരത്തിലധികം രൂപ പ്രതിദിനം ഡെമു സര്‍വീസിന് ആവശ്യമായിവരുന്നുണ്ടെന്നും ഇക്കാരണം കൊണ്ടാണ് സര്‍വീസ് അവസാനിപ്പിക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളിലൊഴികെ രാവിലെയും വൈകിട്ടുമായി നാല് സര്‍വീസുകളാണ് ക്രമീകരിച്ചിരുന്നത്. ഇരുസ്റ്റേഷനുകള്ക്കുമിടയില് മട്ടാഞ്ചേരി ഹാള്‍ട്ടില്‍ മാത്രമായിരുന്നു സ്റ്റോപ്പ്. ഹാര്‍ബര്‍ മുതല്‍ എറണാകുളം വരെ 40 മിനിറ്റായിരുന്നു യാത്രാസമയം വേണ്ടിവന്നിരുന്നത്. കൊച്ചിക്കാരുടെ ഏറെക്കാലത്തെ ആവശ്യത്തിന് അംഗീകാരമായാണ് വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഹാര്‍ബര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 26 മുതല്‍ ഡെമു സര്‍വീസ് ആരംഭിച്ചത്.
ഡെമു സര്‍വീസ് ലാഭകരമാവണമെങ്കില്‍ എറണാകുളം ജങ്ഷന് പുറമേ അങ്കമാലിയിലേക്കു കൂടി സര്‍വീസ് ദീര്‍ഘിപ്പിക്കണമെന്ന് നേരത്തെ തന്നെ യാത്രക്കാര്‍ ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്ന് റെയില്‍വേ അറയിച്ചു. ഹാര്‍ബര്‍ ടെര്‍മിനസ് - എറണാകുളം ജങ്ഷന് റെയില്‍പ്പാത വൈദ്യുതീകരണം കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം നടത്തുമെന്നും റെയില്‍വേ അറയിച്ചു.
ഡെമു സര്‍വീസ് ആരംഭിച്ചതു മുതല്‍ വാത്തുരുത്തിയില്‍ റെയില്‍വേ ഗേറ്റ് അടയ്ക്കേണ്ടി വന്നത് ഗുരുതരമായ ഗതാഗത കുരുക്കിനും കാരണമായിരുന്നു. ഇതികൊണ്ടുതന്നെ ഡെമു സര്‍വീസിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
മൂന്നു കോച്ചുകളുള്ള ട്രെയിനില്‍ 300 പേര്‍ക്കായിരുന്നു യാത്രാസൗകര്യം. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തില്‍ ഡെമു റേക്കുകള്‍ കൊച്ചിയില്‍ എത്തി. തുടര്‍ന്ന് നിരന്തരമായ പരീക്ഷണ ഓട്ടങ്ങളും സ്റ്റേഷന് നവീകരണവും നടത്തി. സ്റ്റേഷന് മാനേജര്‍, ഗേറ്റ് കീപ്പര്‍ തുടങ്ങി വിവിധ തസ്തികയിലേക്കുള്ള ജീവനക്കാരുടെ നിയമനവും നടത്തിയതിന് ശേഷമായിരുന്നു സര്‍വീസ് തുടങ്ങിയത്. ഒരു വര്‍ഷം മുമ്പാണ് ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.






