ഹൈദരാബാദ്: ബീഫ് ഫെസ്റ്റിനും കിസ് ഓഫ് ലൗവ് സമരത്തിനുമെതിരെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സര്‍വലാശാല ക്യാംപസുകളില്‍ ബീഫ് ഫെസ്റ്റും കിസ് ഓഫ് ലൗവ് സമരവും നടത്തിയത് അനാരോഗ്യകരമായ പ്രവണതയാണെന്ന് ഉപരാഷ്ട്രപതി വിമര്‍ശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജാതിയുടേയും മതത്തിന്റേയും ഭക്ഷണ ശീലത്തിന്റേയും സംസ്കാരത്തിന്റേയും പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
വാറങ്കലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. തങ്ങളുടെ ഭക്ഷണശീലം മറ്റുള്ളവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഏതെങ്കിലും വിഭാഗത്തിന് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കണമെങ്കില്‍ അത് സ്വകാര്യ ഇടങ്ങളില്‍ വച്ച് കഴിക്കാമെന്നും ബീഫ് ഫെസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതി പറഞ്ഞു. അത്തരം വിഷയങ്ങള്‍ ക്യാംപസുകളില്‍ പൊതുവിഷയമായി ഉയര്‍ത്തരുതെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
ചുംബന സമരത്തേയും ഉപരാഷ്ട്രപതി വിമര്‍ശിച്ചു. ചുംബിക്കണമെന്നുള്ളവര്ക്ക് അത് തങ്ങളുടെ മുറിയില്‍ ചെയ്യാം. എന്തിനാണ് അത് പരസ്യമായി ചെയ്യുന്നത്. പരസ്യമായി ചുംബിക്കുന്നത് നമ്മുടെ സംസ്കാരമല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ജാതിയുടേയും മതത്തിന്റേയും പേരില്‍ അസഹിഷ്ണുത വര്‍ധിച്ചു വരികയാണ്. ജാതിയുടേയും മതത്തിന്റേയും പേരിലുള്ള അസഹിഷ്ണുതയ്ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.






