
ന്യൂഡല്‍ഹി: സാധാരണക്കാരില്‍ ആത്മവിശ്വാസം നിറയ്ക്കുന്ന കാര്യത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ പരാജയമാകുന്നതായി സര്‍വേ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ (ആര്.ബി.ഐ.) ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേയില്‍ രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതിയിലും തൊഴില്‍രംഗത്തിന്റെ കാര്യത്തിലും ജനം അതൃപ്തരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നന്നായി പോകുന്നില്ലെന്നും വിലക്കയറ്റം കുറയുമെന്ന് പ്രതീക്ഷയില്ലെന്നും ആവശ്യത്തിന് തൊഴില്‍ ഉണ്ടാകുകയില്ലെന്നാണ് സര്‍വേയില്‍ ഭൂരിഭാഗവും കരുതുന്നത്.
പുതിയ സര്‍വേയില്‍ സാമ്പത്തിക നില മോശമായതായി 44.3 തെമാനവും കരുതുന്നു. എന്നാല്‍ 33.7 ശതമാനത്തിന് അത് മെച്ചപ്പെടുമെന്ന് പ്രതീക്ഷയുണ്ട്. പക്ഷേ അടുത്ത വര്‍ഷം കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കാമെന്ന് 53.2 ശതമാനം കരുതുന്നുണ്ട്. 45.5 ശതമാനംപേര്‍ തങ്ങളുടെ തൊഴില്‍സാഹചര്യങ്ങള്‍ വളരെ മോശമായതായി പറയുന്നു. കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് 35.2 തെമാനം പേര് കരുതുമ്പോള്‍ 26.4 ശതമാനം പറയുന്നത് എല്ലാം പഴയത് പോലെ തുടരുമെന്നാണ്. വില നിലവാരം ഉയരുമെന്നാണ് 88.3 ശതമാനവും പ്രതികരിച്ചത്. 80.1 ശതമാനവും പറയുന്നത് വിലക്കയറ്റം അങ്ങിനെ തന്നെ തുടരുമെന്നാണ്. അതേസമയം അടുത്ത വര്‍ഷം വരുമാനം കൂടിയേക്കാമെന്ന് ഭൂരിപക്ഷവും ഇപ്പോഴും കരുതുന്നു.
ഇന്ത്യയിലെ പ്രമുഖമായ 13 നഗരങ്ങളിലായിരുന്നു സര്‍വേ നടത്തിയത്. അമ്മദാബാദ്, ബെംഗളൂരു, ഭോപാല്‍, ചെന്നൈ, ഡല്‍ഹി, ഗുവാഹാട്ടി, ഹൈദരാബാദ്, ജയ്പുര്‍, കൊല്‍ക്കത്ത, ലക്നൗ, മുംബൈ, പാറ്റ്ന, തിരുവനന്തപുരം എന്നീ നഗരങ്ങളിലായി നടന്ന സര്‍വേയില്‍ 5,364 പേരാണ് പ്രതികരിച്ചത്. ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേ കഴിഞ്ഞ റൗണ്ടില്‍ ഉണ്ടായിരുന്ന 98.3 ല്‍ നിന്നും 94.8 ആയി 2018 ജൂണില്‍ പോയിന്റ് കുറഞ്ഞു. എന്നിരുന്നാലും പ്രതീക്ഷ 2018 ജൂണില്‍ ഉണ്ടായിരുന്ന 119.8 ല്‍ നിന്നും 121.1 എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.






